ഇതാണ് സിങ്കപ്പെണ്ണ്... ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിക്കാൻ നോക്കിയ കള്ളനെ അടിച്ചോടിച്ച് യുവതി

വീടിന്റെ പുറത്ത് എന്തോ ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയതാണ് യുവതി. കണ്ടതോ ഭിത്തിയുടെ മറവിൽ മറഞ്ഞുനിൽക്കുന്ന ഒരാളെ...

Update: 2023-08-14 13:36 GMT
Editor : banuisahak | By : Web Desk

വീടിന്റെ പുറത്ത് എന്തോ ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയതാണ് യുവതി. കണ്ടതോ ഭിത്തിയുടെ മറവിൽ മറഞ്ഞുനിൽക്കുന്ന ഒരാളെ. യുവതിയെ കണ്ടയുടൻ തന്നെ മുഖംമൂടി ധരിച്ച കള്ളൻ ഇരുമ്പുവടി കൊണ്ട് അടിയ്ക്കാൻ ഓങ്ങി. എന്നാൽ, ഒട്ടും പതറാതെ രണ്ടുകയ്യും കൊണ്ട് കള്ളനെ നേരിടുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

തെലങ്കാനയിലെ രാജണ്ണ സിർസില്ല ജില്ലയിലെ വെമുലവാഡ ടൗണിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വളർത്തുനായയുടെ കുര കേട്ട് പുറത്തേക്കിറങ്ങിയതാണ് യുവതി. മുഖത്ത് മുഖംമൂടി ധരിച്ച് തൊപ്പി ധരിച്ച ഒരാൾ ഭിത്തിയുടെ മറവിൽ ഒളിച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. യുവതി തന്നെ കണ്ടുവെന്ന് മനസിലാക്കിയ ഉടനെ ഇയാൾ ഇരുമ്പ് വടിയുമായി ചാടിവീഴുകയായിരുന്നു. 

യുവതി ഭയപ്പെട്ട് ഓടുമെന്ന വിചാരിച്ച ഇയാൾക്ക് തെറ്റി. ഒരു നിമിഷം പോലും ചിന്തിക്കാതെ യുവതി ഇയാളെ നേരിടുകയായിരുന്നു. ഇതിനിടെ നിലവിളിച്ച യുവതിയുടെ വായ മുറുകെ പിടിക്കാനും കള്ളൻ ശ്രമിക്കുന്നുണ്ട്. ഒടുവിൽ ഇയാൾ യുവതിയെ തള്ളിമാറ്റി ഓടുകയായിരുന്നു. എന്നാൽ, ഒരു വടിയുമായി യുവതി പിന്നാലെ പോയെങ്കിലും ഇയാൾ രക്ഷപെട്ടു. എന്നാൽ, തന്റെ ഏഴ് ഗ്രാമിന്റെ സ്വർണമാല കള്ളൻ മോഷ്ടിച്ചതായി യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 

സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News