ഇലോൺ മസ്കും ടെസ്‍ലയും ഇന്ത്യയിലേക്ക് ?; വൻ തൊഴിലവസരങ്ങൾ തുറന്ന് കമ്പനി

13 തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നുവെന്ന അറിയിപ്പ് കമ്പനി പ്രസിദ്ധീകരിച്ചു

Update: 2025-02-18 11:09 GMT

ന്യൂഡൽഹി: ഇന്ത്യയിലെ ഇലക്ട്രിക് വാഹന (ഇവി) വിപണിയിലേക്കെത്തുന്നുവെന്ന സൂചനകളുമായി ടെസ്‌ല ഇന്ത്യയിൽ റിക്രൂട്ട്‌മെന്റ് ആരംഭിച്ചു. ടെസ്‌ല സിഇഒ ഇലോൺ മസ്‌കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ സന്ദർശന വേളയിൽ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നിലാണ് റിക്രൂട്ട്മെന്റ് ആരംഭിച്ചത്.

ലിങ്ക്ഡ് ഇന്നിൽ വന്ന പോസ്റ്റിൽ ടെസ്‌ല മുംബൈയിലും ഡൽഹിയിലുമായി 13 തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നുവെന്ന അറിയിപ്പാണുള്ളത്. സർവീസ് ടെക്‌നീഷ്യൻമാർ, കസ്റ്റമർ എൻഗേജ്‌മെന്റ് മാനേജർമാർ, ഡെലിവറി ഓപ്പറേഷൻസ് സ്‌പെഷ്യലിസ്റ്റുകൾ തുടങ്ങിയ തസ്തികകളിലാണ് ഉദ്യോഗാർത്ഥികളെ ടെസ്‍ല അന്വേഷിക്കുന്നത്.

Advertising
Advertising

ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നുവെന്നതിനെ കുറിച്ച് വളരെക്കാലമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഉയർന്ന ഇറക്കുമതി തീരുവ കാരണം അത് നീണ്ടു​പോവുകയായിരുന്നു. 40,000 ഡോളറിൽ കൂടുതൽ വിലയുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 110% ൽ നിന്ന് 70% ആയി കുറച്ചതുൾപ്പെടെയുള്ള സമീപകാല സർക്കാർ നയ മാറ്റങ്ങളാണ് ടെസ്‍ലയടക്കമുള്ള കമ്പനികൾക്ക് ഇന്ത്യൻ വിപണിയിലേക്കെത്താൻ അനുകൂല സാഹചര്യമൊരുക്കിയത്.

വാഹന വിൽപ്പന എന്ന് ആരംഭിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും, ടെസ്‌ല ഇന്ത്യയിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നുണ്ടെന്നാണ് നിയമന നടപടികൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം 11 ദശലക്ഷം ഇലക്ട്രിക് കാറുകൾ വിറ്റഴിച്ച ചൈനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ ഇലക്ട്രിക് വാഹന മേഖല ഇപ്പോഴും ചെറുതാണ്. ഇതേ കാലയളവിൽ ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിൽപ്പന ഏകദേശം 100,000 യൂണിറ്റായിരുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News