തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കും; നിർണായക ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും കേന്ദ്ര നിയമ മന്ത്രി അർജുൻ മേഘ്‌വാൾ ബിൽ അവതരിപ്പിക്കുകയായിരുന്നു

Update: 2023-08-10 18:47 GMT
Advertising

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം സംബന്ധിച്ച നിയമ നിർമാണത്തിന് ബിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. സുപ്രീം കോടതി വിധി പ്രകാരം ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സമിതിക്കാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കാനുള്ള അധികാരം ഉണ്ടായിരുന്നത്. ഈ ഉത്തരവ് അസാധുവാക്കുന്ന ബില്ലാണ് കേന്ദ്ര നിയമ മന്ത്രി രാജ്യസഭയിൽ അവതരിപ്പിച്ചത്. ബില്ലിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.

കഴിഞ്ഞ മാർച്ച് മാസമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നത് സംബന്ധിച്ച് സുപ്രധാന ഉത്തരവ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചത്. പ്രധാന മന്ത്രിയും മന്ത്രി സഭയും നാമനിർദ്ദേശം ചെയ്യുന്ന ആളെ രാഷ്ട്രപതി നിയമിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷ പ്രവർത്തനത്തെ ബാധിക്കുമെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു കോടതി ഉത്തരവ്.

പ്രധാന മന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതിചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിക്ക്, സർക്കാർ നിയമ നിർമാണം നടത്തുന്നത് വരെ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കാനുള്ള അധികാരം ഉത്തരവിലൂടെ കോടതി നൽകി. എന്നാൽ സമിതിയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും പകരം പ്രധാന മന്ത്രി നിർദ്ദേശിക്കുന്ന കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ ബിൽ.

കോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാർ കൊണ്ട് വന്ന നിയമത്തെ പ്രതിപക്ഷം രാജ്യസഭയിൽ ശക്തമായി എതിർത്തു. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും രാജ്യസഭാ ചെയർമാൻ അനുമതി നൽകിയതിനെ തുടർന്ന് കേന്ദ്ര നിയമ മന്ത്രി അർജുൻ മേഘ്‌വാൾ ബിൽ അവതരിപ്പിക്കുകയായിരുന്നു.

Full View
Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News