മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളെ ആക്രമിച്ചു കൊണ്ട് ഏക സിവിൽകോഡ് നടപ്പാക്കുന്നതിനെ ശക്തമായി എതിർക്കുമെന്ന് കോൺഗ്രസ്

ഏക സിവിൽകോഡ് അനാവശ്യമാണെന്ന 21-ാം നിയമകമ്മീഷൻ റിപ്പോർട്ട് ഉയർത്തി പാർലമെന്റിൽ എതിർക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി

Update: 2023-07-15 19:37 GMT

ന്യൂഡൽഹി: മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളെ ആക്രമിച്ചു കൊണ്ട് ഏക സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തെ ശക്തമായി എതിർക്കുമെന്ന് കോൺഗ്രസ്. ഏക സിവിൽകോഡ് അനാവശ്യമാണെന്ന 2018ലെ 21-ാം നിയമകമ്മീഷൻ റിപ്പോർട്ട് ഉയർത്തി പാർലമെന്റിൽ എതിർക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. ഇന്ന് നടന്ന പാർലിമെന്റ് നയരൂപീകരണ യോഗത്തിലാണ് തീരുമാനം.

ഏക സിവിൽകോഡിന്റെ അന്തിമ കരട് ഇതു വരെ പുറത്തുവന്നിട്ടില്ല. കരട് പുറത്ത് വന്നാൽ ആവശ്യമായ നടപടികൾ ആലോചിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. ഏകസിവിൽകോഡ് വിഷയത്തൽ നിലപാട് എടുക്കാത്തതിനെ തുടർന്ന് കോൺഗ്രസിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

Advertising
Advertising

ഡൽഹി ഓർഡിനൻസിൽ ആം ആദ്മിക്ക് പിന്തുണ നല്കാനുള്ള തീരുമാനത്തിലേക്ക് കോൺഗ്രസ് എത്തിയെന്നാണ് സൂചന. പാർലിമെന്റ് നയരുപീകരണ യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടുണ്ട്. ബിഹാർ പട്‌നയിൽ നടന്ന പ്രതിപക്ഷ ഐക്യസമ്മേളനത്തിന് ശേഷം ഡൽഹി ഓർഡിനസിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് ആം ആദ്മി ആരോപിച്ചിരുന്നു.

നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ തങ്ങൾ പ്രതിപക്ഷ ഐക്യരൂപീകരണത്തിനൊപ്പം നിൽക്കുകയില്ലെന്നും ആം ആദ്മി വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ ഐക്യസമ്മേളനം ബെംഗളൂരുവിൽ നടക്കാനിരിക്കെ കോൺഗ്രസിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക വിശദീകരണം ഉണ്ടാകുമെന്നാണ് സൂചന. ഈ വിഷയം രാജ്യസഭയിലെത്തുമ്പോൾ തങ്ങളുടെ നിലപാട് വ്യക്തമാക്കാമെന്നാണ് കോൺഗ്രസ് നേരത്തെ പറഞ്ഞത്.

പാർലിമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ മണിപ്പൂർ വിഷയം ചർച്ചചെയ്യുമെന്ന് കോണ്ഗ്രസ് ആവശ്യപ്പെടുമെന്ന് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ബാലസോർ അപകടത്തെ മുൻനിർത്തി റെയിൽ സുരക്ഷ സംബന്ധിച്ച വിഷയവും കോൺഗ്രേസ് പാർലിമെന്റിൽ ഉന്നയിക്കും. ഇത് കൂടാതെ പ്രതിപക്ഷ ഐക്യരൂപീകരണം എങ്ങനെ ആയിരിക്കണമെന്നും യോഗം ചർച്ച ചെയ്തിട്ടുണ്ട്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News