ഭാരത് എന്ന പേര് ഉപയോഗിക്കുന്നത് സനാതന ധർമവിവാദത്തിൽ നിന്ന് ചർച്ച വഴി മാറ്റാന്‍: വി.മുരളീധരന്‍

സെപ്റ്റംബർ 18നു നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ രാജ്യത്തിന്റെ പേരുമാറ്റാൻ നീക്കം നടക്കുന്നതായുള്ള പ്രചാരണങ്ങൾക്കിടെയാണ് മന്ത്രിയുടെ പ്രതികരണം

Update: 2023-09-09 09:23 GMT

ന്യൂഡൽഹി: ഇന്ത്യയും ഭാരതും ഒന്നാണെന്നും എതിർപ്പ് ഉയർത്തുന്നവരുടെ ലക്ഷ്യം വേറെയാണെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍. സനാതന ധർമവിവാദത്തിൽ നിന്ന് ചർച്ച വഴി മാറ്റാനാണ് ഭാരത് എന്ന പേര് ഉപയോഗിക്കുന്നതെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. 

അതേ സമയം ഡൽഹിയിൽ ഇന്നു രാവിലെ ആരംഭിച്ച ജി20 ഉച്ചകോടിയിൽനിന്നും 'ഇന്ത്യ' പുറത്തായി. ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിൽ 'ഇന്ത്യ'യ്ക്കു പകരം 'ഭാരതം' എന്നാണു ചേർത്തിരിക്കുന്നത്. സെപ്റ്റംബർ 18നു നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ രാജ്യത്തിന്റെ പേരുമാറ്റാൻ നീക്കം നടക്കുന്നതായുള്ള പ്രചാരണങ്ങൾക്കിടെയാണിത്.

Advertising
Advertising

ജി20 നേതാക്കൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഒരുക്കുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനുപുറമെ മോദിയുടെ ഇന്തോനേഷ്യ യാത്രയുമായി ബന്ധപ്പെട്ടു വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലും ഭാരതത്തിന്റെ പ്രധാനമന്ത്രി എന്നാണു പരിചയപ്പെടുത്തിയിരുന്നത്. ഇതെല്ലാം ചേർന്നു പേരുമാറ്റ അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ജി20 ഉച്ചകോടിയിലും ഔദ്യോഗിക നാമമായി ഭാരത് സ്വീകരിച്ചിരിക്കുന്നത്.

ഡൽഹിയിലെ പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിലാണു രണ്ടു ദിവസത്തെ ഉച്ചകോടിക്ക് ഇന്നു രാവിലെ 10.30നു തുടക്കമായത്. നിലവിലെ ജി20 ചെയർമാൻ കൂടിയായ നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവഹിച്ചത്. 55 രാജ്യങ്ങൾ ചേർന്ന ആഫ്രിക്കൻ യൂനിയന് ജി20യിൽ അംഗത്വം നൽകി.

യൂറോപ്യൻ യൂനിയൻ ഉൾപ്പെടെ 20 അംഗരാജ്യങ്ങളുടെ തലവന്മാരും ക്ഷണിക്കപ്പെട്ട ഒൻപത് രാജ്യങ്ങളുടെ ഭരണാധികാരികളും ഐക്യരാഷ്ട്രസഭ ഉൾപ്പെടെ 14 ലോകസംഘടനകളുടെ മേധാവികളുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഉച്ചകോടിക്കെത്തുന്നില്ല. പുടിനു പകരം റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവും ജിൻപിങ്ങിനു പകരം ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ്ങും സംബന്ധിക്കുന്നുണ്ടെന്നാണു വിവരം. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, അർജന്റീന പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് തുടങ്ങിയവർ ഇന്നലെ രാത്രിയോടെ തന്നെ ഡൽഹിലെത്തിയിരുന്നു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News