Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
അഹമ്മദാബാദ്: രാജ്യം കണ്ട ഏറ്റവും ദാരുണമായ ആകാശദുരന്തമായിരുന്നു അഹമ്മാദാബാദിലേത്. തീ ഗോളമായി ഭൂമിയിലേക്ക് പതിച്ച വിമാനത്തിൽ ആരും രക്ഷപ്പെട്ടില്ലെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് കത്തിക്കരിഞ്ഞ വിമാന അവശിഷ്ടങ്ങൾക്കിടയിലൂടെ നടന്നുവരുന്ന വിശ്വാസ് കുമാര്‍ എന്ന യാത്രക്കാരന്‍ ദുരന്തവാര്‍ത്തകൾക്കിടയിൽ ഒരു ആശ്വാസമായിരുന്നു. 11 A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശ് ഇരുന്നിരുന്നത്. അദ്ദേഹത്തിന്റെ അസാധാരണമായ അതിജീവനം ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഇതിന് പിന്നാലെ വിമാനത്തിലെ വിശ്വാസ് കുമാറിന്റെ 11 A സീറ്റിനെ ചുറ്റിപ്പറ്റിയാണ് ചർച്ച.
വിശ്വാസ് കുമാർ രക്ഷപ്പെട്ടെങ്കിലും യൂറോപ്പിലെ യാത്രക്കാരിൽ പലരും വെറുക്കുന്നൊരു സീറ്റാണ് 11A. ബോയിങ് 737 വിമാനങ്ങളിൽ യാത്രചെയ്യുന്നവർ ഒട്ടുമിക്കപ്പോഴും ഈ സീറ്റിൽ ഇരിക്കാൻ ഇഷ്ടപ്പെടാറില്ല. കാരണം, വിൻഡോ ഇല്ലാത്ത വിൻഡോ സീറ്റ് എന്നാണ് ഈ സീറ്റ് അറിയപ്പെടുന്നതുതന്നെ. എസിയുടെ പൈപ്പുകളും മറ്റുമുള്ളതിനാലാണ് ജനൽ ഇല്ലാത്തത്. അതിനാൽ കാഴ്ച കാണാനാഗ്രഹിക്കുന്നവർക്ക് പലപ്പോഴും അതിന് സാധിക്കാറുമില്ല. യാത്രക്കാർ പരാതി ഉന്നയിച്ച സംഭവങ്ങളും മുന്നേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എങ്ങനെയാണ് യാത്രക്കാർ വെറുക്കപ്പെട്ടൊരു സീറ്റ് ഭാഗ്യ സീറ്റായി മാറിയത്? വിമാനങ്ങളിലെ ഏറ്റവും സുരക്ഷിതമായ സീറ്റാണോ 11 A സീറ്റ്? 241 പേർ മരണപ്പെട്ടപ്പോഴും ആ ഒരാൾ മാത്രം രക്ഷപ്പെട്ടതിന് പിന്നിൽ ആ സീറ്റിന് എന്തെങ്കിലും പങ്കുണ്ടോ? ഇത്തരം കാര്യങ്ങളാണ് സോഷ്യൽ മീഡിയ അന്വേഷിക്കുന്നത്. എന്നാൽ, അങ്ങനെ സുരക്ഷിത സീറ്റ് എന്ന് പറയാവുന്ന ഒന്നും തന്നെ വിമാനങ്ങളിൽ ഇല്ലെന്നാണ് വ്യോമയാന വിദഗ്ദർ പറയുന്നത്.
ഓരോ അപകടങ്ങളും വ്യത്യസ്തതരത്തിലാണ് സംഭവിക്കുന്നത്. അതിനാൽ സീറ്റ് ക്രമീകരണം നോക്കി അപകടത്തെ അതിജീവിക്കുന്നത് പ്രവചിക്കാൻ സാധിക്കില്ല. -ഫ്‌ളൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്റെ ഡയറക്ടറായ മിച്ചൽ ഫോക്‌സ് പറഞ്ഞു.
ബോയിങ് 737 വിമാനത്തിലെ എമർജൻസി വാതിലിന് സമീപത്തുള്ള 11 A സീറ്റിലായിരുന്നു വിശ്വാസ് ഇരുന്നത്. ഗുജറാത്തിലുള്ള കുടുംബത്തെ കാണാൻ ഇന്ത്യയിലേക്ക് വന്ന് തിരിച്ച് ലണ്ടനിലേക്ക് പോകുമ്പോഴാണ് അതിദാരുണമായ ഈ സംഭവം നടന്നത്. സഹോദരനൊപ്പമായിരുന്നു എയർ ഇന്ത്യയുടെ വിമാനത്തിൽ അദ്ദേഹം ലണ്ടനിലേക്ക് തിരിച്ചത്. രണ്ട് സഹോദരന്മാരും വ്യത്യസ്ത നിരകളിലുള്ള സീറ്റിലാണ് ഇരുന്നിരുന്നത്. അപകടത്തിൽ വിശ്വാസിന്റെ സഹോദരനുൾപ്പെടെ 241 പേർ മരണപ്പെടുകയും ചെയ്തു.
അപകടത്തിൽ 274 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. വിമാനം ഇടിച്ചിറങ്ങിയ ബിജെ കോളേജ് ഹോസ്റ്റലിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ കണക്കാണിത്.
വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. സംഭവത്തിൽ വിമാനത്തിലുള്ള 242 പേർ മരണപ്പെട്ടപ്പോൾ ഒരാൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നു.
169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസുകാർ, ഒരു കനേഡിയൻ പൗരൻ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്. വിമാനത്താവളത്തിന് സമീപത്തുള്ള ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് വിമാനം തകർന്ന് വീഴുകയായിരുന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തിൽ നിന്ന് എയർ ട്രാഫിക് കൺട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിഗ്നൽ ലഭിച്ചില്ല. പിന്നാലെ തകർന്നു വീഴുകയായിരുന്നു.