യുപിയിൽ 25ലേറെ കർഷകരുമായി ട്രാക്ടർ ട്രോളി നദിയിലേക്ക് മറിഞ്ഞു; 10ലേറെ പേരെ കാണാനില്ല

മുങ്ങൽ വിദ​ഗ്ധരെയും സംസ്ഥാന ദുരന്ത പ്രതികരണ സേനയേയും വിളിച്ചിട്ടുണ്ടെന്നും അവർ ഉടൻ സ്ഥലത്തെത്തുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.

Update: 2022-08-27 16:12 GMT
Advertising

ഹർദോയ്: 25ലേറെ കർഷകരുമായി സഞ്ചരിച്ച ട്രാക്ടർ ട്രോളി നദിയിലേക്ക് മറിഞ്ഞു. 13 പേർ നീന്തി കരയ്ക്കു കയറി. മറ്റുള്ളവരെ കാണാനില്ല. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ ഇന്നു രാവിലെയാണ് അപകടം. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

രക്ഷപെട്ടവർ അവരോടൊപ്പമുണ്ടായിരുന്ന ആറു പേരുടെ പേരുകൾ പറഞ്ഞതായും അവരടക്കം നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും രക്ഷാപ്രവർത്തനം നിയന്ത്രിക്കുന്ന ജില്ലാ മജിസ്‌ട്രേറ്റ് അവിനാഷ് കുമാർ പറഞ്ഞു. കാണാതായവരുടെ എണ്ണം 10ൽ കൂടുതലുണ്ടാവാമെന്നും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.

വിളവെടുത്ത വെള്ളരിക്ക ചന്തയിൽ കൊണ്ടുപോയി വിറ്റ ശേഷം തിരികെ വരികയായിരുന്നു കർഷകർ. പാലി ഏരിയയിലെ പാലത്തിൽ എത്തിയപ്പോൾ ഇവരുടെ ട്രാക്ടർ ട്രോളിയുടെ ചക്രങ്ങളിലൊന്ന് ഊരിവീണു. ഇതോടെ ട്രാക്ടറുമായുള്ള ബന്ധം വേർപ്പെട്ട് ട്രോളി ഗര നദിയിലേക്ക് പതിക്കുകയായിരുന്നെന്ന് ദൃക്സാക്ഷിയായ ശ്യാംസിങ് പറഞ്ഞു.

മുങ്ങൽ വിദ​ഗ്ധരെയും സംസ്ഥാന ദുരന്ത പ്രതികരണ സേനയേയും വിളിച്ചിട്ടുണ്ടെന്നും അവർ ഉടൻ സ്ഥലത്തെത്തുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. 'ഇതുവരെ ട്രോളി കിടക്കുന്ന സ്ഥലം തിരിച്ചറിയാനോ ഉയർത്താനോ സാധിച്ചിട്ടില്ല. ക്രെയിനുകൾ ഉടനെത്തും. നദിക്ക് വലിയ ആഴമുള്ളതിനാൽ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടാണ്'- ജില്ലാ മജിസ്ട്രേറ്റ് കൂട്ടിച്ചേർത്തു.

അപകടം അറിഞ്ഞ് രക്ഷാപ്രവർത്തനത്തിനായി പൊലീസിനെ കൂടാതെ നിരവധി ​ഗ്രാമീണരും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ട കർഷകരുടെ കുടുംബക്കാരും ഇവിടെയെത്തിയിട്ടുണ്ട്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News