അമിതാഭ് ബച്ചനെതിരെ ട്രോളും പരാതികളും; സൈബർ കുറ്റകൃത്യ ബോധവത്കരണ കോളർ ട്യൂൺ നിർത്തലാക്കി
2024 ഒക്ടോബറിൽ നടന്ന പ്രധാന മന്ത്രിയുടെ മൻ കി ബാത്തിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളെക്കുറിച്ച് പരാമർശം വന്നതിന് പിന്നാലെയാണ് റോബോകോൾ കാമ്പയിൻ തുടങ്ങുന്നത്. മലയാളത്തിൽ കേരള പൊലീസിന്റെ നേതൃത്വത്തിലാണ് കാമ്പയിൻ നടത്തിയിരുന്നത്.
ന്യൂഡൽഹി: കുറച്ച് മാസങ്ങളായി ഇന്ത്യക്കാരെല്ലാം ഫോൺ വിളിക്കുമ്പോൾ ആദ്യം കേൾക്കുന്നത് അമിതാഭ് ബച്ചന്റെ ശബ്ദമായിരുന്നു. 'നമസ്‌കാർ, മേ അമിതാഭ് ബച്ചൻ ഭോൽ രഹാഹു,' എന്ന് തുടങ്ങി സൈബർ കുറ്റകൃത്യങ്ങൾക്കിരയാവുന്നവരോട് ഔദ്യോഗിക നമ്പറായ 1930ലേക്ക് വിളിക്കാൻ പറയുന്ന ഘനഗാംഭീര്യമുള്ള ശബ്ദം. എന്നാൽ ജൂൺ 25 ഓടെ ഈ റോബോകോൾ കാമ്പയിൻ അവസാനിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കയാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ടെലെ കമ്മ്യൂണിക്കേഷൻ വകുപ്പുമായി ചേർന്നാണ് കാമ്പയിൻ തുടങ്ങിയത്. 2024 ഒക്ടോബറിൽ നടന്ന പ്രധാന മന്ത്രിയുടെ മൻ കി ബാത്തിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളെക്കുറിച്ച് പരാമർശം വന്നതിന് പിന്നാലെയാണ് റോബോകോൾ കാമ്പയിൻ തുടങ്ങുന്നത്.
കാമ്പയിനിന്റെ ഭാഗമായി ശബ്ദം നൽകിയത് അമിതാഭ് ബച്ചനാണെന്നത് വലിയ രീതിയിൽ കൊട്ടി ഘോഷിക്കപ്പെട്ടെങ്കിലും കാമ്പയിനെതിരെ ആളുകൾ രംഗത്തുവന്നിരുന്നു. പ്രധാന പ്രശ്‌നമായി ആളുകൾ ഉന്നയിച്ചത് അത്യാവശ്യമായി ഫോൺ ചെയ്യുന്ന സമയത്ത് കാമ്പയിൻ കാരണമുണ്ടാകുന്ന കാലതാമസമായിരുന്നു. കാമ്പയിൻ അവസാനിപ്പിക്കാനുള്ള ഒരു കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നതും ഇത് തന്നെയാണ്. ആദ്യം 90 ദിവസത്തേക്ക് എന്ന രീതിയിലാണ് കാമ്പയിൻ തുടങ്ങിയതെങ്കിലും പിന്നീട് 60 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഹിന്ദിയിൽ മാത്രമല്ല, മറ്റ് പ്രാദേശിക ഭാഷകളിൽ കൂടി ബോധവത്കരണം നടത്തിയിരുന്നു. മലയാളത്തിൽ കേരള പൊലീസിന്റെ നേതൃത്വത്തിലാണ് കാമ്പയിൻ നടത്തിയിരുന്നത്. ഒരു ദിവസം 7,8 തവണയെങ്കിലും സംപ്രേഷണം ചെയ്യുന്ന രീതിയിലാണ് ക്രമീകരിച്ചിരുന്നത്.
ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം വലിയ രീതിയിൽ വർധിക്കുകയും എന്നാൽ 18 ശതമാനത്തോളം വരുന്നവർക്ക് മാത്രമേ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്ന കാര്യം അറിയുകയുള്ളുവെന്നും 2025ലെ സ്റ്റാറ്റിസ്റ്റിക് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. ഇന്ത്യയിൽ കുറച്ചു കാലങ്ങളായി സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണുണ്ടായിട്ടുള്ളത്.