'ഇത് അധിനിവേശം, ബോസ്ഫറസ് കടലിടുക്കില്‍ പടക്കപ്പലുകള്‍ അനുവദിക്കില്ല ': റഷ്യയ്ക്ക് തിരിച്ചടിയായി തുര്‍ക്കിയുടെ നിലപാട്

മെഡിറ്ററേനിയൻ കടലിനെ കരിങ്കടലുമായി ബന്ധിപ്പിക്കുന്ന ബോസ്ഫറസ് കടലിടുക്കിന്‍റെ നിയന്ത്രണം തുർക്കിക്കാണ്

Update: 2022-02-28 04:28 GMT

യുക്രൈനില്‍ റഷ്യ നടത്തുന്നത് അധിനിവേശം തന്നെയെന്ന് തുർക്കി. ഈ നിലപാട് മെഡിറ്ററേനിയനില്‍ നിന്ന് കരിങ്കടലിലേക്കുള്ള റഷ്യൻ നാവിക പാത പരിമിതപ്പെടുത്തും. ഇത് റഷ്യയ്ക്ക് തിരിച്ചടിയാകും.

മെഡിറ്ററേനിയൻ കടലിനെ കരിങ്കടലുമായി ബന്ധിപ്പിക്കുന്ന ബോസ്ഫറസ് കടലിടുക്കിന്‍റെ നിയന്ത്രണം തുർക്കിക്കാണ്. റഷ്യൻ പടക്കപ്പലുകൾ കരിങ്കടലിലൂടെ കടന്നുപോകുന്നത് വിലക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമർ സെലൻസ്കി ആവശ്യപ്പെട്ടിരുന്നെങ്കിലും തുർക്കി അനുകൂലമായി പ്രതികരിച്ചിരുന്നില്ല. കുറഞ്ഞത് ആറ് റഷ്യൻ യുദ്ധക്കപ്പലുകളും ഒരു അന്തർവാഹിനിയും ഈ മാസം ഈ കടലിടുക്ക് കടന്നു. എന്നാലിപ്പോള്‍ റഷ്യ യുക്രൈനില്‍ നടത്തുന്നത് യുദ്ധമാണെന്ന് തുര്‍ക്കി നിലപാടെടുത്തിരിക്കുകയാണ്.

Advertising
Advertising

"ഇപ്പോള്‍ നടക്കുന്നത് വ്യോമാക്രമണം മാത്രമല്ല. യുക്രൈനിലെ സാഹചര്യം ഔദ്യോഗികമായി തന്നെ യുദ്ധമാണ്. ഞങ്ങൾ മോൺട്രിയക്സ് കൺവെൻഷൻ കരാറുകള്‍ നടപ്പിലാക്കും"- തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലത് കാവുസോഗ്ലു സി.എന്‍.എന്നിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മോൺട്രിയക്സ് കൺവെൻഷന്‍ പ്രകാരം യുദ്ധസമയത്ത് അല്ലെങ്കിൽ ഭീഷണി നേരിടുമ്പോൾ ബോസ്ഫറസ് കടലിടുക്കിലെ നാവിക ഗതാഗതം പരിമിതപ്പെടുത്താൻ അനുവാദമുണ്ട്. എന്നാലും കരിങ്കടലിലേക്ക് പ്രവേശിക്കുന്നതിന് ചില ഇളവുകളുണ്ടെന്ന് തുര്‍ക്കിയുടെ വിദേശകാര്യമന്ത്രി പറഞ്ഞു- "ഇളവ് ദുരുപയോഗം ചെയ്യാൻ പാടില്ല. തങ്ങളുടെ താവളങ്ങളിലേക്ക് മടങ്ങുകയും കടലിടുക്കിലൂടെ കടന്നുപോകുകയും ചെയ്യുന്ന കപ്പലുകൾ യുദ്ധത്തിൽ ഏർപ്പെടരുത്".

റഷ്യയുമായും യുക്രൈനുമായും തുർക്കിക്ക് നല്ല ബന്ധമാണുള്ളത്. നാറ്റോ അംഗങ്ങൾ റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയിരിക്കെ, തുര്‍ക്കിയുടെ ഏതു നീക്കവും റഷ്യയുടെ ഊർജ ഇറക്കുമതി, വ്യാപാരം, ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കും. യുക്രൈന്‍, റഷ്യന്‍ പ്രതിനിധികളോട് സംസാരിച്ചെന്നും ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തുമെന്ന് കേട്ടതിൽ സന്തോഷമുണ്ടെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി പറഞ്ഞു. റഷ്യ ആക്രമണങ്ങൾ ഉടൻ നിർത്തണമെന്നും വെടിനിർത്തൽ ചർച്ചകൾ ആരംഭിക്കണമെന്നുമാണ് പ്രസിഡന്‍റ് ഉര്‍ദുഗാന്‍റെ നിലപാടെന്ന് അദ്ദേഹത്തിന്‍റെ വക്താവ് പറഞ്ഞു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News