ഭോപാല്‍: മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള ചരിത്രപ്രസിദ്ധമായ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ വിശ്വാസികളുടെ ചെറുത്ത് നില്‍പ്പ്. പ്രദേശവാസികളായ നൂറുകണക്കിന് വിശ്വാസികളാണ് പള്ളിക്കുള്ളിലും പരിസരത്തുമായി കാവലിരിക്കുന്നത്.
2028ൽ നടക്കുന്ന സിംഹസത കുംഭമേളയ്ക്ക് മുന്നോടിയായി നടപ്പിലാക്കുന്ന റോഡ് വികസന പദ്ധതിയുടെ ഭാഗമായാണ് പള്ളിയുടെ ഒരു ഭാഗം പൊളിക്കാൻ അധികൃതർ നോട്ടീസ് നൽകിയത്.
പൊളിക്കൽ നടപടികൾക്കായി ബുൾഡോസറുകൾ പള്ളിക്ക് പുറത്ത് സജ്ജമാക്കി നിർത്തിയതോടെയാണ് ഞായറാഴ്ച രാത്രിയോടെ വൻജനക്കൂട്ടം പള്ളിയിൽ തടിച്ചുകൂടിയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പൊളിക്കൽ ഭീഷണിയെ തുടർന്ന് പ്രദേശവാസികൾ പള്ളിക്കുള്ളിൽ തമ്പടിച്ചിരിക്കുകയാണ്. പ്രതിഷേധം ശക്തമായതോടെ പൊളിക്കൽ നടപടി തൽക്കാലം നിർത്തിയിട്ടുണ്ട്.
മഹാകാളേശ്വർ ക്ഷേത്രത്തിന് സമീപമുള്ള ഗണേഷ് ചൗക്ക് മുതൽ ഖജൂർ വാലി മസ്ജിദ് വരെയുള്ള 730 മീറ്റർ റോഡ് 15 മീറ്റർ വീതിയിൽ വികസിപ്പിക്കുന്ന പദ്ധതിയാണിത്.
റോഡ് വീതികൂട്ടുമ്പോൾ ഷാഹി മസ്ജിദിന്റെ പ്രാർത്ഥനാ ഹാളിന്റെ ഒരു ഭാഗം, 120 അടി ഉയരമുള്ള മിനാരം, മസ്ജിദിന്റെ മസർ ചൗക്ക് ഷാഹി എന്നിവ പൊളിച്ചുമാറ്റേണ്ടി വരുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ, ഏകപക്ഷീയമായ ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്ന് ഇൻഡോറിലെ പ്രമുഖ പണ്ഡിതൻ മുഫ്തി ജുനൈദ് പ്രതികരിച്ചു. ഒരു മതവിഭാഗത്തിന്റെ ആവശ്യങ്ങൾക്കായി മറ്റൊരു മതത്തിന്റെ നിലനിൽപ്പും അടയാളങ്ങളും പൂർണ്ണമായി ഇല്ലാതാക്കുന്നത് യുക്തിസഹമല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ പദ്ധതി കാരണം പ്രദേശത്തെ മറ്റ് നിരവധി പഴയ മസ്ജിദുകളും ഭീഷണിയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 'ഈ പള്ളി പൊളിച്ചുമാറ്റുകയാണെങ്കിൽ, മറ്റ് 28 പള്ളികളിലേക്ക് കൂടി അവര്‍ നീങ്ങും'- മുഫ്തി ജുനൈദ് പറഞ്ഞു.
ഉജ്ജയിൻ മുൻസിപ്പൽ കോർപ്പറേഷൻ നൽകിയ പൊളിക്കൽ നോട്ടീസുകൾ ചോദ്യം ചെയ്തുകൊണ്ട് നൽകിയ രണ്ട് ഹരജികൾ മധ്യപ്രദേശ് ഹൈക്കോടതി അടുത്തിടെ തള്ളിയിരുന്നു. സ്വാഭാവിക നീതിയുടെ തത്ത്വങ്ങൾ പാലിച്ചാണ് അധികൃതർ നടപടി സ്വീകരിച്ചതെന്നും ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് സന്ദീപ് എൻ. ഭട്ട് ഹർജികൾ തള്ളിയത്. അതേസമയം ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (എപിസിആര്‍) അഭിഭാഷകനായ സെയ്ദ് പഠാൻ അറിയിച്ചു. ഇതിനായുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.
അതിനിടയിലാണ്, പള്ളി പൊളിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ജനങ്ങൾ പള്ളിക്കുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധം ശക്തമാക്കുന്നത്.