'അത് ബിജെപി ചിഹ്നമായ താമരയല്ല, നമ്മുടെ ദേശീയ പുഷ്പം'; ജി20 ലോഗോ വിവാദത്തിൽ രാജ്‌നാഥ് സിംഗ്

കോൺഗ്രസിന്റെ പതാക രാജ്യത്തിന്റെ പതാകയാക്കാനുള്ള നിർദേശം ജവഹർലാൽ നെഹ്‌റു തള്ളുകയായിരുന്നുവെന്നും എന്നാൽ ബിജെപി തങ്ങളുടെ ചിഹ്നം ഇന്ത്യയുടെ രാജ്യാന്തരപദവിയുടെ അടയാളമാക്കിയിരിക്കുന്നുവെന്നും ജയ്‌റാം രമേശ്

Update: 2022-11-13 13:57 GMT
Advertising

ഹരിയാന: ജി20 ലോഗോയിലെ താമര ബിജെപി ചിഹ്നമല്ലെന്നും നമ്മുടെ ദേശീയ പുഷ്പമാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അടുത്ത വർഷം രാജ്യം ജി20 അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ലോഗോയിൽ താമര ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രി പ്രതികരിച്ചത്. 'ദുർഘടമായ ഇക്കാലത്ത് പ്രതീക്ഷയുടെ ചിഹ്നാണ്' താമരയെന്നും 1950 ൽ തന്നെ താമര നമ്മുടെ ദേശീയ പുഷ്പമായി പ്രഖ്യാപിക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ ജാജ്ജറിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1857 ലെ സ്വതന്ത്ര സമരസേനാനികൾ ഒരു കയ്യിൽ റോട്ടിയും മറുകയ്യിൽ താമരയുമായാണ് പോരാടിയതെന്നും അദ്ദേഹം പറഞ്ഞു.

ലോഗോയിൽ ബിജെപി പതാകയിലെ നിറങ്ങളും താമരയിൽ ലോകം ഇരിക്കുന്ന ഡിസൈനും സ്വയം ഉയർത്തിക്കാണിക്കാനുള്ള തന്ത്രമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. 70 വർഷം മുമ്പ് കോൺഗ്രസിന്റെ പതാക രാജ്യത്തിന്റെ പതാകയാക്കാനുള്ള നിർദേശം ജവഹർലാൽ നെഹ്‌റു തള്ളുകയായിരുന്നുവെന്നും എന്നാൽ ബിജെപി തങ്ങളുടെ ചിഹ്നം ഇന്ത്യയുടെ രാജ്യാന്തരപദവിയുടെ അടയാളമാക്കിയിരിക്കുന്നുവെന്നും ജയ്‌റാം രമേശ് വിമർശിച്ചു.

'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന പ്രമേയം, ജി 20 ലോഗോ, വെബ്‌സൈറ്റ് എന്നിവ ഈ ആഴ്ചയിലാദ്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയത്. അടുത്താഴ്ച ഇന്തോനേഷ്യയിൽ നടക്കുന്ന ജി20 സമ്മേളനത്തിന് ശേഷം ഡിസംബർ മുതൽ ഒരു വർഷത്തേക്കാണ് ഇന്ത്യ അധ്യക്ഷ പദവി ഏറ്റെടുക്കുക.

Union Defense Minister Rajnath Singh said that the lotus in the G20 logo is not a BJP symbol but our national flower.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News