Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ഗോവ: വാടകയ്ക്ക് എടുത്ത ഥാർ തട്ടിയെടുക്കുമോയെന്ന ഭയത്തിൽ 19കാരനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഹാത്രാസിലെ പടാ ഖാസ് സ്വദേശിയായ കപിൽ ചൗധരിയാണ് കൊല്ലപ്പെട്ടത്. ഥാർ വാടകയ്ക്ക് നൽകിയ ഉടമയും രണ്ട് സുഹൃത്തുക്കളുമാണ് കപിൽ ചൗധരിയെ കൊലപ്പടുത്തിയത്.
കഴിഞ്ഞ ദിവസം ഗോവയിലായിരുന്നു സംഭവം. വടക്കൻ ഗോവയിലെ തിവിമിൽ നിന്നാണ് 19കാരന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം പരിക്കുകളോടെ വെള്ളിയാഴ്ചയായിരുന്നു ഇയാളെ കണ്ടെത്തിയത്. ഉടൻ തന്നെ മാപുസയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കപിലിന്റെ പോക്കറ്റിൽ നിന്ന് ഒരു പാൻ കാർഡ് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് കണ്ടോലിം സ്വദേശിയായ ഗുരുദത്ത് ലാവണ്ടേയെന്ന 31കാരനിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുമായി കപിൽ ഥാർ വാടകയ്ക്ക് എടുത്തെന്ന് കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കാർ വാടകയിക്ക് എടുത്തത്.
തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം വാഹനത്തിലുണ്ടായിരുന്ന ട്രാക്കറിന്റെ സഹായത്തോടെ ഗോവ അതിർത്തി വാഹനം കടന്നതായി ഉടമയ്ക്ക് വ്യക്തായി. മഹാരാഷ്ട്രയിലെ ബാൻഡയിലേക്ക് വാഹനം നീങ്ങുന്നുവെന്നും മനസിലാക്കിയ ഗുരുദത്ത് ലാവണ്ടേ രണ്ട് സുഹൃത്തുക്കൾക്കൊപ്പം വാഹനം പിന്തുടർന്നു. മഹാരാഷ്ട്രയിലെ കനകവാലിയിൽ വച്ച് ഇവർ കപിലിനെ തടയുകയായിരുന്നു.
പിന്നാലെ മൂന്ന് പേരും ചേർന്ന് യുവാവിനെ തിരിച്ച് തിവീമിലേക്ക് എത്തിച്ചു. ഇതിന് പിന്നാലെ സംഘം ചേർന്ന് കപിലിനെ മർദിക്കുകയായിരുന്നു. മർദനത്തിൽ യുവാവിന് ബോധം നഷ്ടമായതോടെ വഴിയിൽ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.