രക്ഷിക്കണേയെന്ന് നിലവിളി, പൊലീസുകാര്‍ നോക്കി നിന്നു; വെള്ളക്കെട്ടില്‍ വീണ് മരിച്ച ടെക്കിയുടെ അവസാന ദൃശ്യങ്ങള്‍ പുറത്ത്

വെള്ളക്കെട്ടില്‍ കാറില്‍ അല്‍പ്പദൂരത്തേക്ക് ഒഴുകിപ്പോയ യുവരാജ്, താന്‍ ഇവിടെയുണ്ടെന്ന് അറിയിക്കാന്‍ ഫോണിലെ ടോര്‍ച്ച് അടിച്ച് കാണിക്കുന്നത് വീഡിയോയില്‍ കാണാം

Update: 2026-01-23 06:10 GMT

ന്യൂഡല്‍ഹി: നോയിഡയില്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ കാറില്‍ കുടുങ്ങി 27കാരനായ ടെക്കി പൊലീസും കുടുംബാംഗങ്ങളും നോക്കിനില്‍ക്കെ മരിച്ച സംഭവത്തില്‍ അവസാന ദൃശ്യങ്ങള്‍ പുറത്ത്. സോഫ്റ്റുവെയര്‍ എന്‍ജിനീയര്‍ യുവരാജ് മേത്തയാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മരിച്ചത്. കൊടുംതണുപ്പില്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ കാറിനു മുകളിലിരുന്ന് ഇയാള്‍ ജീവനു വേണ്ടി അപേക്ഷിക്കുന്നതിന്റെയും ടോര്‍ച്ച് അടിച്ച് കാണിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാല്‍, മണിക്കൂറുകള്‍ക്ക് ശേഷം ഇയാള്‍ വെള്ളത്തില്‍ മുങ്ങി ദാരുണമായി മരിക്കുകയായിരുന്നു.

Advertising
Advertising

വെള്ളക്കെട്ടില്‍ കാറില്‍ അല്‍പ്പദൂരത്തേക്ക് ഒഴുകിപ്പോയ യുവരാജ്, താന്‍ ഇവിടെയുണ്ടെന്ന് അറിയിക്കാന്‍ ഫോണിലെ ടോര്‍ച്ച് അടിച്ച് കാണിക്കുന്നത് വിഡിയോയില്‍ കാണാം. രണ്ട് മണിക്കൂറോളം ഇയാള്‍ ഇത്തരത്തില്‍ കാറിനു മുകളിലിരുന്ന് ജീവന്‍ രക്ഷിക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, പൊലീസുകാര്‍ വെള്ളത്തിലിറങ്ങാനോ യുവാവിനെ രക്ഷിക്കാനുള്ള മറ്റ് നടപടികള്‍ സ്വീകരിക്കാനോ തയാറായില്ല. സംഭവത്തില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഗ്രേറ്റര്‍ നോയിഡയിലെ സെക്ടര്‍ 150യിലെ താമസക്കാരനായിരുന്നു യുവരാജ് മേത്ത. ഗുരുഗ്രാമിലെ ഒരു ഐടി സ്ഥാപനത്തിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി യുവരാജ് ഓഫിസില്‍ നിന്ന് മടങ്ങുന്നതിനിടെ വീടിന് 500 മീറ്റര്‍ അകലെ വെച്ചാണ് അപകടം. കനത്ത മഞ്ഞില്‍ റോഡ് വ്യക്തമല്ലാതായതോടെ കാര്‍ റോഡരികിലെ മതില്‍ ഇടിച്ചു തകര്‍ത്ത് തൊട്ടടുത്ത് നിര്‍മിക്കുന്ന കെട്ടിടത്തിനരികിലെ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. പാതി മുങ്ങിക്കിടന്ന കാറിനുള്ളില്‍ നിന്ന് പുറത്തുകടന്ന യുവരാജ് തന്നെയാണ് വീട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. യുവരാജിന്റെ പിതാവ് ഉള്‍പ്പെടെ ഇവിടെയെത്തിയിരുന്നു.

പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ തന്റെ മകന്‍ ജീവനോടെയുണ്ടാകുമായിരുന്നെന്ന് യുവരാജിന്റെ പിതാവ് പറയുന്നു. 'നീന്തല്‍ അറിയുന്ന സംഘത്തെ വിട്ടിരുന്നെങ്കില്‍ മകനെ രക്ഷിക്കാമായിരുന്നു. എന്നാല്‍ പൊലീസ് ഒന്നിനും തയാറായില്ല' -പിതാവ് കണ്ണീരോടെ പറഞ്ഞു. പൊലീസ് തയാറാകാത്തതോടെ ഭക്ഷണ വിതരണ ജീവനക്കാരനായ മൊനീന്ദര്‍ സിങ് എന്നയാളാണ് അപകടാവസ്ഥ പരിഗണിക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. ഇയാള്‍ അടുത്തെത്തിയപ്പോഴേക്കും യുവരാജും കാറും മുങ്ങിയിരുന്നു. 

Full View

യുവരാജിന്റെ മരണത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. വെള്ളക്കെട്ടുണ്ടായ ബേസ്‌മെന്റുമായി ബന്ധപ്പെട്ട മൂന്ന് കെട്ടിട നിര്‍മാതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്. നിര്‍മാണ മേഖലയിലെ അപകടസാധ്യതയുള്ള കുഴിക്ക് സമീപം യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഉണ്ടായിരുന്നില്ല.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News