റഷ്യൻ പ്രസിഡന്റ് പുടിൻ ഈ വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ യുഎസ് ഇന്ത്യക്ക് അധിക തീരുവ ചുമത്തിയതിന് പിന്നാലെയാണ് പുടിന്റെ ഇന്ത്യാ സന്ദർശനം സംബന്ധിച്ച വാർത്തകൾ വരുന്നത്.
മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഈ വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. തീയതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ലെങ്കിലും ആഗസ്റ്റ് അവസാനത്തോടെ പുടിൻ ഇന്ത്യയിലെത്തുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ഇന്റർഫോക്‌സ് റിപ്പോർട്ട് ചെയ്തു. പ്രതിരോധരംഗത്ത് റഷ്യയുമായുള്ള സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡോവൽ മോസ്‌കോയിലെത്തിയത്.
റഷ്യയിൽ നിന്ന് എണ്ണവാങ്ങി യുക്രൈൻ യുദ്ധത്തിന് ഇന്ത്യ സഹായം ചെയ്യുകയാണെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്ക് അധിക തീരുവ ചുമത്തിയതിന് പിന്നാലെയാണ് പുടിൻ ഇന്ത്യയിലെത്തുന്നത്. 2022ൽ യുക്രൈനുമായുള്ള യുദ്ധം തുടങ്ങിയതിന് ശേഷം പുടിൻ നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
കഴിഞ്ഞ വർഷം പ്രധാനമന്ത്രി മോദിയും റഷ്യൻ പ്രസിഡന്റ് പുടിനും രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂലൈയിൽ മോദി 22-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ മോസ്‌കോ സന്ദർശിച്ചു. മൂന്നാം തവണ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള മോദിയുടെ ആദ്യ ഉഭയകക്ഷി സന്ദർശനമായിരുന്നു ഇത്. 2024 ഒക്ടോബറിൽ ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി റഷ്യയിലെ കസാനിലെത്തിയപ്പോഴും പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.