വോട്ടർ അധികാർ യാത്ര;ചർച്ചയായി രാഹുൽ ഗാന്ധിയുടെ ഹൈഡ്രജൻ ബോംബ് പരാമർശം
'ആറ്റം ബോംബിനേക്കാൾ വലുത് ഹൈഡ്രജൻ ബോംബാണ്. നേരത്തെ വാർത്താ സമ്മേളനത്തിൽ നമ്മൾ ആറ്റംബോംബ് കാണിച്ചു. ബിജെപി നോക്കിയിരുന്നോളൂ, ഹൈഡ്രജൻ ബോംബ് വരുന്നുണ്ട്. വോട്ടുകൊള്ള രാജ്യം മുഴുവൻ അറിയാൻ പോകുകയാണ്' എന്നായിരുന്നു രാഹുലിന്റെ പരാമർശം
ന്യൂഡൽഹി: ബിഹാറിൽ വൻ ആവേശമുയർത്തി രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര സമാപിച്ചപ്പോൾ വൈകാതെ ഹൈഡ്രജൻ ബോംബ് പൊട്ടുമെന്ന രാഹുലിന്റെ പരാമർശം ചർച്ചയാകുന്നു. ബോംബ് പൊട്ടിയാൽ മോദിക്ക് മുഖം പുറത്ത് കാണിക്കാൻ കഴിയില്ലെന്നായിരുന്നു രാഹുൽ പറഞ്ഞത്. രാഹുൽ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നുവെന്നായിരുന്നു ബിജെപിയുടെ മറുപടി.
വോട്ട് അവകാശ യാത്രയുടെ സമാപന സമ്മേളനത്തിൽ അവസാന പ്രാസംഗികനായി സംസാരിച്ചാണ് രാഹുൽ ഗാന്ധി വരാനിരിക്കുന്ന ഹൈഡ്രജൻ ബോബിനെക്കുറിച്ച് പറഞ്ഞത്. 'ആറ്റം ബോംബെന്നു കേട്ടിട്ടുണ്ടോ. അതിനേക്കാൾ വലുത് എന്താണ്? ആറ്റം ബോംബിനേക്കാൾ വലുത് ഹൈഡ്രജൻ ബോംബാണ്. നേരത്തെ വാർത്താ സമ്മേളനത്തിൽ നമ്മൾ ആറ്റംബോംബ് കാണിച്ചു. ബിജെപി നോക്കിയിരുന്നോളൂ, ഹൈഡ്രജൻ ബോംബ് വരുന്നുണ്ട്. വോട്ടുകൊള്ള രാജ്യം മുഴുവൻ അറിയാൻ പോകുകയാണ്' എന്ന് രാഹുൽ പറഞ്ഞതും കാതടപ്പിക്കുന്ന കൈയടിയായിരുന്നു.
രാഹുൽ പൊട്ടിക്കാൻ വെച്ചിരിക്കുന്ന ഹൈഡ്രജൻ ബോംബ് എന്താണ് എന്നാണ് ഇപ്പോൾ ചർച്ച. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ച ചൂട് പിടിച്ചു. ആറ്റം ബോംബും ഹൈഡ്രജൻ ബോംബും തെരഞ്ഞെടുപ്പുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ബിജെപി ചോദിച്ചു. യാത്ര ബീഹാറിൽ നിന്ന് മറ്റ് ഇടങ്ങളിലേക്ക് കൂടെ പടർത്താനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളിൽ യാത്ര നടത്തുമെന്നാണ് സൂചന.