ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു; തോല്‍വിയില്‍നിന്ന് പാഠം പഠിക്കും- രാഹുൽ ഗാന്ധി

തോറ്റാലും ജയിച്ചാലും ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയും പ്രതികരിച്ചു

Update: 2022-03-10 15:02 GMT
Editor : Shaheer | By : Web Desk
Advertising

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ സമ്പൂർണ പരാജയത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു. ഇതിൽനിന്ന് പാഠം പഠിക്കുമെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

ജനങ്ങളുടെ വിധി വിനയത്തോടെ സ്വീകരിക്കുകയാണ്. വിജയികൾക്കെല്ലാം ഭാവുകങ്ങൾ. കോൺഗ്രസ് പ്രവർത്തകരോടും വളന്റിയർമാരോടും അവർ നടത്തിയ കഠിനാധ്വാനത്തിനും സമർപ്പണത്തിനും എന്റെ നന്ദി രേഖപ്പെടുത്തുകയാണ്. ഇതിൽനിന്ന് നമ്മൾ പാഠം പഠിക്കും. ഇന്ത്യൻ ജനതയുടെ താൽപര്യത്തിനു വേണ്ടി പ്രവർത്തനം തുടരുകയും ചെയ്യും-ട്വിറ്ററിൽ രാഹുൽ കുറിച്ചു.

തോറ്റാലും ജയിച്ചാലും ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയും പ്രതികരിച്ചു. തോൽവിയിൽ നിരാശയുണ്ട്, തെരഞ്ഞെടുപ്പ് ഫലം പാഠമാണ്. തോൽവിക്ക് കാരണമായ സംഭവങ്ങൾ പാർട്ടി പരിശോധിക്കുമെന്നും സുർജേവാല പറഞ്ഞു.

ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു പാർട്ടി കോൺഗ്രസാണ്. തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനുമെതിരെ ശബ്ദമുയർത്തും. എല്ലാ കാര്യങ്ങളും പുനപ്പരിശോധിക്കാൻ സോണിയ ഗാന്ധി ഉടൻ കോൺഗ്രസ് പ്രവർത്തക കമ്മിറ്റി വിളിച്ചുചേർക്കും. നേതൃമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടെണ്ണൽ അവസാനഘട്ടത്തിലെത്തിനിൽക്കുമ്പോൾ പഞ്ചാബിൽ സമ്പൂർണ പരാജയം സമ്മതിച്ചിരിക്കുകയാണ് കോൺഗ്രസ്. ആം ആദ്മിയുടെ അട്ടിമറി വിജയത്തിൽ പകച്ചുനിൽക്കുകയാണ് കോൺഗ്രസ് ക്യാംപ്. യു.പിയിൽ വെറും രണ്ട് സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ ഉത്തരാഖണ്ഡിൽ 18 സീറ്റുമായി നേട്ടമുണ്ടാക്കിയെങ്കിലും ഭരണം പിടിക്കാനായില്ല. അതേസമയം, മണിപ്പൂരിലും കനത്ത തോൽവിയാണ് പാർട്ടി നേരിടുന്നത്. ഗോവയിലും പ്രതീക്ഷകളെല്ലാം തകർന്നിരിക്കുകയാണ്.

Summary: "We'll Learn From This", says Rahul Gandhi after Congress's poor performance in Assembly polls

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News