പേരിട്ടത് വാജ്പേയി, തദ്ദേശീയമായി വികസിപ്പിച്ച ആദ്യ യുദ്ധവിമാനം; ദുബൈയിൽ തകർന്നുവീണ തേജസിന്റെ പ്രത്യേകതകൾ

ഏത് പ്രതികൂല സാഹചര്യത്തിലും ശത്രുലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള വിധത്തിൽ രൂപകല്പന ചെയ്തിട്ടുള്ള യുദ്ധവിമാനമാണിത്.

Update: 2025-11-21 13:19 GMT

Photo| Special Arrangement

ന്യൂഡ‍ൽഹി: ദുബൈയിൽ എയർ ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് പൈലറ്റിന് ജീവൻ നഷ്ടമായിരിക്കുന്നു. ഒരാൾക്ക് ഇരിക്കാവുന്ന സിംഗിൾ സീറ്റ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് ആയ തേജസ് ആദ്യ റൗണ്ട് അഭ്യാസപ്രകടനം പൂർത്തിയാക്കി രണ്ടാം റൗണ്ട് പ്രകടനത്തിനിടെയാണ് കാണികൾക്ക് മുന്നിലേക്ക് തകർന്നുവീണത്. നൂതന സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന തേജസ് യുദ്ധവിമാനത്തിന് നിരവധി പ്രത്യേകതകളുണ്ട്. എന്താണ് തേജസ് യുദ്ധവിമാനം? എന്തൊക്കെയാണ് പ്രത്യേകതകൾ?

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ യുദ്ധവിമാനം

ഇന്ത്യൻ വ്യോമസേനയുടെ കരുത്തും അഭിമാനവുമാണ് തദ്ദേശീയമായി വികസിപ്പിച്ച ചെറു യുദ്ധവിമാനമായ തേജസ്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസിയും (എഡിഎ) സംയുക്തമായി വികസിപ്പിച്ചെടുത്ത ഒറ്റ എഞ്ചിൻ, മൾട്ടി-റോൾ ലൈറ്റ് കോംബാറ്റ് വിമാനമാണ് തേജസ്. ഏത് പ്രതികൂല സാഹചര്യത്തിലും ശത്രുലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള വിധത്തിൽ രൂപകല്പന ചെയ്തിട്ടുള്ള യുദ്ധവിമാനത്തിന് 2003ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയാണ് തേജസ് എന്ന് പേരിട്ടത്.

Advertising
Advertising

തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണെങ്കിലും തേജസിന്റെ എഞ്ചിൻ വിദേശിയാണ്. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ജനറൽ ഇലക്ട്രിക് എഫ് 404 എഞ്ചിനാണ് തേജസ് വിമാനത്തിന്റെ കരുത്ത്. തേജസ് യുദ്ധവിമാനത്തിന്റെ എംകെ1 ഇനമാണ്

നിലവിൽ ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്നത്. ഉയർന്ന നിലവാരത്തിലുള്ള തദ്ദേശീയ രൂപകൽപ്പനയാണ് ഈ ഡെൽറ്റ- വിങ് ഫൈറ്ററിന്റെ സവിശേഷത. കൂടാതെ തേജസിന്റെ നവീകരിച്ച മാർക്ക് 1എ വേരിയന്റിൽ നൂതന ഏവിയോണിക്‌സ്, എഇഎസ്എ (ആക്ടീവ് ഇലക്ട്രോണിക്കലി സ്കാൻഡ് അരേ) റഡാർ, മെച്ചപ്പെട്ട ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം,‌ എംകെ1എ വേരിയന്റ് വിമാനങ്ങൾ എത്താനായി കാത്തിരിക്കുകയാണ് വ്യോമസേന.

നന്നേ ചെറുത്, ഭാരം കുറവ്

ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ തേജസ് യുദ്ധവിമാനം അലുമിനിയം- ലിഥിയം അലോയ്കൾ, ടൈറ്റാനിയം അലോയ്കൾ, നൂതന കാർബൺ- ഫൈബർ സംയുക്ത വസ്തുക്കൾ എന്നിവയുടെ മിശ്രിതം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. വിമാനത്തിന്റെ ആകെ ഭാരത്തിന്റെ ഏകദേശം 45 ശതമാനവും അതിന്റെ ബാഹ്യ ഉപരിതല വിസ്തീർണത്തിന്റെ ഏകദേശം 90 ശതമാനവും ഈ സംയുക്തങ്ങളാണ്. ഏതൊരു സമകാലിക യുദ്ധവിമാനത്തിലും കാണാവുന്ന ഏറ്റവും ഉയർന്ന അനുപാതങ്ങളിൽ ഒന്നാണിത്. ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ സൂപ്പർസോണിക് കോംബാറ്റ് ജെറ്റ് വിമാനം കൂടിയാണ് തേജസ്.

ആയുധ സ്യൂട്ടുകളുടെ ശക്തി

തേജസിൽ വൈവിധ്യമാർന്ന ആയുധ സ്യൂട്ടുകൾ ഉണ്ട്. അതിൽ ഐ-ഡെർബി ഇആർ, ആസ്ട്ര ബിയോണ്ട്-വിഷ്വൽ-റേഞ്ച് (ബിവിആർ) എയർ-ടു-എയർ മിസൈലുകൾ, ആർ-73, പൈത്തൺ-5, അസ്രാം തുടങ്ങിയ ഹ്രസ്വ-ദൂര മിസൈലുകൾ എന്നിവ ഉൾപ്പെടുന്നു. 23 എംഎം ഗ്രിയസേവ്-ഷിപുനോവ് ജിഎസ്എച്ച്-23 ട്വിൻ-ബാരൽ ഓട്ടോപീരങ്കിയും ഇതിൽ ഘടിപ്പിച്ചിട്ടുണ്ടെന്നതും എടുത്തുപറയേണ്ടതാണ്.

എട്ട് ഹാർഡ് പോയിന്റുകളാണ് തേജസിനുള്ളത്. അവയിൽ മൂന്നെണ്ണം ഡ്രോപ്പ് ടാങ്കുകൾ വഹിക്കാൻ കഴിവുള്ള വെറ്റ് ഹാർഡ് പോയിന്റുകളാണ്. പോർട്ട്- സൈഡ് എയർ ഇൻടേക്കിന് താഴെയുള്ള ഹാർഡ് പോയിന്റ് സെൻസർ പോഡുകൾക്കായി നീക്കിവച്ചിരിക്കുന്നു, അതിൽ ഫോർവേഡ്-ലുക്കിങ് ഇൻഫ്രാറെഡ് (FLIR), ഇൻഫ്രാറെഡ് സെർച്ച് ആൻഡ് ട്രാക്ക് (IRST), അല്ലെങ്കിൽ ലേസർ റേഞ്ച്ഫൈൻഡർ/ഡിസൈനേറ്ററുകൾ എന്നിവ ഉൾപ്പെടുന്നു. ഈ പോഡുകൾ സെന്റർ ലൈൻ പൈലോണിലോ വിങ് സ്റ്റേഷനുകളുടെ ഇൻബോർഡ് ജോഡികളിലോ പകരം സംവിധാനമായി ഘടിപ്പിക്കാം. തേജസിന്റെ മുൻവശത്തെ ഫ്യൂസ്‌ലേജിന്റെ സ്റ്റാർബോർഡ് വശത്ത് ഘടിപ്പിച്ചിരിക്കുന്ന ഏരിയൽ ഇന്ധനം നിറയ്ക്കുന്ന പ്രോബും തേജസിൽ സജ്ജീകരിച്ചിട്ടുണ്ട്.

പൊഖ്‌റാൻ മരുഭൂമിയിലാണ് തേജസിന്റെ പ്രഹരശേഷിയളക്കുന്ന പരീക്ഷണങ്ങൾ നടന്നത്. വിമാനത്തിൽ നിന്ന് തൊടുത്തുവിട്ട ലേസർ നിയന്ത്രിത ബോംബ് അടക്കമുള്ള ആയുധങ്ങൾ ലക്ഷ്യസ്ഥാനം തകർത്തതോടെയാണ് സൈന്യത്തിന്റെ ഭാഗമാകാനുള്ള പ്രധാന കടമ്പ തേജസ് കടന്നത്. പ്രതിരോധവകുപ്പ് തേജസിന് പ്രാഥമിക ഓപ്പറേഷൻ ക്ലിയറൻസ് നൽകിയതിനെത്തുടർന്നാണ് വിമാനത്തിന്റെ പ്രഹരശേഷിയും വ്യത്യസ്തവേഗത്തിൽ അക്രമം നടത്താനുള്ള ശേഷിയും പരീക്ഷിച്ചത്.

മണിക്കൂറിൽ 900 മുതൽ 1000 കിലോമീറ്റർ വേഗത്തിൽ പറന്നാണ് തേജസ് ആയുധ പ്രയോഗശേഷി പരീക്ഷിച്ചത്. മിസൈലുകളും ബോംബുകളും വിമാനത്തിൽനിന്ന് വർഷിച്ചുകൊണ്ടായിരുന്നു പരീക്ഷണം. പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കിയതിനെത്തുടർന്നാണ് പ്രതിരോധസജ്ജമാക്കിയുള്ള പരീക്ഷണം നടത്തിയത്.

തേജസ് യുദ്ധവിമാനത്തിന്റെ രണ്ടാമത്തെ തകർച്ചയാണ് ഇപ്പോഴത്തേത്. കഴിഞ്ഞ വർഷം മാർച്ചിൽ രാജസ്ഥാനിലെ ജയ്സാൽമീറിലെ ഒരു സ്കൂൾ കോമ്പൗണ്ടിൽ തേജസ് തകർന്നുവീണിരുന്നു. അപകടത്തിൽ പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടിരുന്നു. ദുബൈ എയർഷോയ്ക്കിടെ പ്രാദേശികസമയം ഉച്ചയ്ക്ക് 2.15 ഓടെയാണ് ഇന്നത്തെ അപകടം. അപകടത്തെ തുടർന്ന് എയർ ഷോ താത്കാലികമായി നിർത്തിവച്ചു. വ്യോമാഭ്യാസത്തനിടെ വിമാനം നിലം പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി നൂതനവും ശക്തവുമായ സംവിധാനങ്ങളുണ്ടായിട്ടും എന്തുകൊണ്ട് തേജസ് വീണ്ടും തകർന്നുവീണു എന്നാണ് ഉയരുന്ന ചോദ്യം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News