ഹരിയാനയില്‍ 22 വോട്ട് ചെയ്ത ആ ബ്രസീലിയൻ മോഡൽ ആരാണ്?;തെളിവുകള്‍ പുറത്ത് വിട്ട് രാഹുല്‍ ഗാന്ധി
സരസ്വതി, ഗീത, സീമ, സുമൻ ദേവി, ബിമല, അഞ്ജു, കവിത,കിരൺ ദേവി, വിമല, രശ്മി, പിങ്കി, മഞ്ജീത് തുടങ്ങിയ പേരുകളാണ് കള്ളവോട്ട് നടന്നതെന്നും രാഹുല്‍ പറഞ്ഞു
ന്യൂഡല്‍ഹി: ഹരിയാനയിലെ വോട്ട് കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബ്രസീലിയൻ മോഡലിന്റേതുൾപ്പെടെ വ്യാജ ചിത്രങ്ങളും മേൽ വിലാസങ്ങളും ഉപയോഗിച്ചാണ് വോട്ട് കൊള്ള നടന്നത്.
ബ്രസീലിയൻ മോഡലിന്റെ ചിത്രമുളള വോട്ടർ ഐഡി കാർഡ് ഉപയോഗിച്ച് 22 തവണ പത്ത് ബൂത്തുകളിലായി വോട്ട് ചെയ്തതിന്റെയും തെളിവുകൾ രാഹുൽ ഗാന്ധി പുറത്തുവിട്ടു. സരസ്വതി, ഗീത, സീമ, സുമൻ ദേവി, ബിമല, അഞ്ജു, കവിത,കിരൺ ദേവി, വിമല, രശ്മി, പിങ്കി, മഞ്ജീത്,കൽവന്തി,പൂനം,സ്വീറ്റി,സുനിത, അംഗൂരി, ദർശന, മുനേഷ്, സരോജ്, സത്യവതിദേവി, ഗുനിയ തുടങ്ങിയ പേരുകളിലാണ് ബ്രസീലിയന്‍ മോഡലിന്‍റെ ചിത്രം ഉപയോഗിച്ച് വോട്ടടെടുപ്പ് നടന്നതെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.
രാഹുലിന്‍റെ പ്രസന്റേഷനിൽ കാണിച്ച ബ്രസീലിയൻ മോഡലിന്‍റെ ചിത്രം ഫോട്ടോഗ്രാഫർ മാത്യൂസ് ഫെറേറോ സൗജന്യ സ്റ്റോക്ക് ഇമേജ് പ്ലാറ്റ്‌ഫോമായ Unsplash.com-ല്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. 'നീല ഡെനിം ജാക്കറ്റ് ധരിച്ച സ്ത്രീ' എന്ന തലക്കെട്ടിലുള്ള ചിത്രം ആദ്യമായിപ്രസിദ്ധീകരിച്ചത് 2017 മാർച്ച് 2 നാണ്. 59 ദശലക്ഷത്തിലധികം പേര്‍ ഈ ചിത്രം ഇത് കാണുകയും നാല് ലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണ് ഫെറേറോ എന്നാണ് അൺസ്പ്ലാഷിലെ പ്രൊഫൈലില്‍ നിന്നും മനസിലാക്കാന്‍ കഴിയുുന്നത്.ഹരിയാന തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത ബ്ലോഗുകളിലും ഓൺലൈൻ പോസ്റ്റുകളിലും ഈ ചിത്രം വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. അതേസമയം, രാഹുല്‍ ഗാന്ധി ആരോപിച്ച വോട്ടര്‍ തട്ടിപ്പില്‍ മോഡലിന്‍റെയോ ഫോട്ടോഗ്രാഫറുടെയും പങ്ക് എന്താണെന്ന് വ്യക്തമല്ല.
ഹരിയാനയിൽ സംഭവിച്ചത് ബിഹാറിലും ആവർത്തിക്കുമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. നിരവധി തവണ അപേക്ഷ നൽകിയിട്ടും വോട്ടർപട്ടികയിൽ പേര് വരാത്ത ബിഹാർ നിന്നുള്ള ആളുകളെ രാഹുൽ വാർത്താസമ്മേളനത്തിൽ കൊണ്ടുവന്നു.തങ്ങളുടെ ഗ്രാമങ്ങളിൽ നിരവധി പേർക്ക് ഇത്തരത്തിൽ വോട്ട് നഷ്ടമായിട്ടുണ്ടെന്ന് വാർത്താസമ്മേളനത്തിൽ എത്തിയവർ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനോ ബിജെപിയോ രാഹുൽ ഗാന്ധിയുടെ അവകാശവാദങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.