'ജയ്ഭീം വിളിച്ചപ്പോൾ ബിജെപിയുടെ കൂവൽ നിലച്ചു'; യുപിയിൽ വിജയിക്കുമോ ഉവൈസിയുടെ 'അസംഗഢ് ഫോർമുല'

യുപി തെരഞ്ഞെടുപ്പിൽ നൂറു സ്ഥാനാർഥികളെയാണ് എഐഎംഐഎം അണിനിരത്തിയിരിക്കുന്നത്

Update: 2022-03-09 09:27 GMT
Advertising

''2019 ൽ ഞാൻ ഹൈദരാബാദിൽ നിന്നുള്ള പാർലമെൻറ് അംഗമായി സത്യപ്രതിജ്ഞ ചെയ്തത് ദൈവത്തിന്റെയും ഭരണഘടനയുടെയും പേരിലായിരുന്നു. പക്ഷേ, അപ്പോൾ ബിജെപി അംഗങ്ങൾ ശബ്ദമുണ്ടാക്കാൻ തുടങ്ങി. എന്നാൽ ഞാൻ 'ജയ് ഭീം എന്നു വിളിച്ചതോടെ അവരുടെ അപശബ്ദം നിലച്ചു. എങ്ങനെയാണ് ആ സമയത്ത് ജയ് ഭീം വിളിക്കാൻ തോന്നിയതെന്ന് അവർ പിന്നീട് എന്നോട് ചോദിച്ചിരുന്നു. അംബേദ്കർ എന്റെ മനസ്സിലല്ല, ഹൃദയത്തിലാണെന്ന് ഞാൻ അവരോട് പറഞ്ഞു. അസംഗഢിലെ മുബാറക്പൂരിലെ ഏതെങ്കിലും ദലിതൻ സംരക്ഷണത്തിനായും അംബേദ്കറുടെ ഭരണഘടന നിലനിർത്താനുമായി സഹായം തേടിയാൽ ഞാൻ കൂടെ നിൽക്കും'' ഇക്കഴിഞ്ഞ ഉത്തർപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പിൽ ആൾ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ തലവൻ(എഐഎംഐഎം) അസദുദ്ദീൻ ഉവൈസി നടത്തിയ പ്രസംഗത്തിലെ ഭാഗമാണിത്. ഇതേരീതിയിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ കാലങ്ങളായി സമാജ്‌വാദി പാർട്ടി പയറ്റുന്ന മുസ്‌ലിം-യാദവ വോട്ടുബാങ്ക് രാഷ്ട്രീയത്തിനെതിരെ മുസ്‌ലിം-ദലിത് സമുദായങ്ങളെ അണിനിരത്തിയിരിക്കുകയായിരുന്നു ഇക്കുറി ഉവൈസിയുടെ എഐഎംഐഎം. അസംഗഢ് ഫോർമുലയെന്ന് അദ്ദേഹം വിളിക്കുന്ന തന്ത്രം യുപിയിൽ വിജയിച്ചോയെന്ന് നാളെ വോട്ടെണ്ണുന്നതോടെ തിരിച്ചറിയാനാകും. മുസ്‌ലിംഭൂരിപക്ഷ മേഖലയായ ഇവിടങ്ങളിൽ കാലങ്ങളായി എസ്പിയാണ് സ്വാധീനം നേടുന്നത്. എന്നാൽ ബി.ആർ അംബേദ്കറെ മുൻനിർത്തിയായിരുന്നു ഉവൈസി തെരഞ്ഞെടുപ്പ് റാലികളിൽ പ്രസംഗിച്ചിരുന്നത്. ഇതുവഴി എസ്പിയുടെ നിരവധി വോട്ടുകൾ ഇവർ നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Full View

യുപി തെരഞ്ഞെടുപ്പിൽ നൂറു സ്ഥാനാർഥികളെയാണ് എഐഎംഐഎം അണിനിരത്തിയിരിക്കുന്നത്. എസ്പിക്കൊപ്പം മായാവതിയുടെ വോട്ട് ബാങ്കിന്റെ അടിത്തറയിളക്കാനും ഉവൈസി ശ്രമിച്ചിരിക്കുകയാണ്. പൂർവാഞ്ചൽ ഭാഗത്തെ എഐഎംഐഎം റാലികളിൽ നിരവധി പേരാണ് അണിനിരന്നിരുന്നത്. ബിജെപി, എസ്പി, ബിഎസ്പി പാർട്ടികൾക്കെതിരെ ശക്തമായ ആക്ഷേപങ്ങളാണ് ഉവൈസിയടക്കമുള്ളവർ ഉന്നയിച്ചിരുന്നു. ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ എ.ഐ.എം.ഐ.എം ഓം പ്രകാശ് രാജ്ഭറിന്റെ ഭാഗിദാരി സങ്കൽപ് മോർച്ച (ബി.എസ്.എം) സഖ്യം ചേർന്നാണ് മത്സരിച്ചിരുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് എൻ.ഡി.എ ബന്ധം ഉപേക്ഷിച്ചയാളാണ് ഒ.പി. രാജ്ഭർ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News