"നീ കറുത്തവളാണ്, എന്‍റെ മകന് യോജിച്ച പെൺകുട്ടിയല്ല'; ബംഗളൂരുവില്‍ ഗര്‍ഭിണിയായ ടെക്കി മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ശില്‍പയുടെയും പ്രവീണിന്‍റെയും വിവാഹം

Update: 2025-08-29 08:39 GMT
Editor : Jaisy Thomas | By : Web Desk

ബംഗളൂരു: ബംഗളൂരുവില്‍ ഗര്‍ഭിണിയായ സ്ത്രീയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ ആയിരുന്ന ശില്‍പ പഞ്ചങ്ങ്മാതയാണ്(27) മരിച്ചത്. മുന്‍ എഞ്ചിനിയറും പാനിപൂരി വില്‍പനക്കാരനുമായ ഭര്‍ത്താവ് പ്രവീണിനെ(38) സദ്ദുഗന്റേപല്യ പൊലീസ് അറസ്റ്റ് ചെയ്തു. ശില്‍പയുടെ അമ്മ ശാരദ പഞ്ചങ്മാത നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് അറസ്റ്റ്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ശില്‍പയുടെയും പ്രവീണിന്‍റെയും വിവാഹം. ദമ്പതികള്‍ക്ക് ഒന്നര വയസുള്ള മകനുണ്ട്.ഹബ്ബള്ളിയാണ് ശില്‍പയുടെ സ്വദേശം. വിവാഹത്തിന് മുമ്പ് ഇന്‍ഫോസിസില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ ആയിരുന്നു ശില്‍പ. മരണത്തില്‍ സംശയമുന്നയിച്ച ശില്‍പയുടെ വീട്ടുകാര്‍ സാഹചര്യത്തെളിവുകള്‍ കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്നുവെന്ന് വ്യക്തമാക്കി.

Advertising
Advertising

'നാല് മാസങ്ങള്‍ക്കു മുമ്പ് അവര്‍ക്കിടയില്‍ ഒരു വഴക്കുണ്ടായി. ഇതിനെ തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയ ശിൽപ ഭര്‍തൃ വീട്ടുകാരെത്തി സംസാരിച്ചതിന് ശേഷമാണ് തിരികെ പോയത്'' ശില്‍പയുടെ ബന്ധു പറഞ്ഞു.ടൗണിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പ്രവീണ്‍ ഇറങ്ങിയയുടനാണ് ശില്‍പ ആത്മഹത്യ ചെയ്തുവെന്ന വിവരം ഞങ്ങള്‍ അറിയുന്നത്. ശിൽപയെ വേണ്ടായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് തിരികെ ഏല്‍പിക്കാമായിരുന്നില്ലേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹബ്ബള്ളിയിലെ വീട് വിറ്റ് 35 ലക്ഷം ചെലവഴിച്ചാണ് കുടുംബം വിവാഹം നടത്തിയത്.കൂടാതെ 150 ഗ്രാം സ്വര്‍ണവും വീട്ടുപകരണങ്ങളും വിവാഹസമയത്ത് നല്‍കിയിരുന്നു. എന്നാല്‍ വിവാഹശേഷം പ്രവീണും മാതാവ് ശാന്തവ്വയും കൂടുതല്‍ പണം ആവശ്യപ്പെടുകയും പീഡനം തുടരുകയായിരുന്നുവെന്നും ശില്‍പയുടെ കുടുംബം പറഞ്ഞതായി പൊലീസ് രേഖപ്പെടുത്തി. എഞ്ചിനിയര്‍ ആയത് കൊണ്ടായിരുന്നു പ്രവീണുമായുള്ള വിവാഹം കുടുംബം നടത്തിയത്.എന്നാല്‍ വിവാഹ ശേഷം പ്രവീണ്‍ പാനീപൂരി വില്‍പനയിലേക്ക് തിരിയുകയായിരുന്നു.

ബിസിനസ് ആരംഭിക്കുന്നതിനായി 5 ലക്ഷം ആവശ്യപ്പെടുകയും ലഭിക്കാതെ വന്നപ്പോള്‍ ശില്‍പയെ ആക്രമിക്കുകയും വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തുവെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ ശില്‍പയുടെ അമ്മ പറയുന്നു. പണം നല്‍കിയതിന് ശേഷവും പീഡനം തുടര്‍ന്നുവെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നായിരുന്നു പ്രവീണും കുടുംബവും ആദ്യം ശില്‍പയുടെ കുടുംബത്തെ അറിയിച്ചത്. പിന്നീട് ശില്‍പ ആത്മഹത്യ ചെയ്തതാണെന്ന് മാറ്റിപ്പറഞ്ഞു.പൊലീസ് വരുന്നതിന് മുമ്പ് മൃതദേഹം ബെഡില്‍ കിടത്തിയ നിലയിലായിരുന്നു. ആത്മഹത്യ ചെയ്തതായിരുന്നുവെങ്കില്‍ ഹൃദയാഘാതമാണെന്ന് പറഞ്ഞതെന്തിനാണെന്നും മൃതദേഹം പൊലീസ് വരുന്നതിന് മുമ്പ് മാറ്റിക്കിടത്തിയതെന്തിനാണെന്നും ശില്‍പയുടെ ബന്ധു സൗമ്യ മാധ്യമങ്ങളോട് ചോദിച്ചു.

നിറത്തിന്‍റെ പേരിലും ശിൽപയെ ഭര്‍തൃവീട്ടുകാര്‍ നിരന്തരം അധിക്ഷേപിച്ചിരുന്നു. "നീ കറുത്തവളാണ്, എന്റെ മകന് യോജിച്ച പെൺകുട്ടിയല്ല. അവനെ വിട്ടേക്കൂ, നമുക്ക് അവന് നല്ലൊരു വധുവിനെ കണ്ടെത്താം," എന്ന് ഭര്‍തൃമാതാവ് പറഞ്ഞിരുന്നതായും പരാതിയിലുണ്ട്. സ്ത്രീധന പീഡനത്തിനും അസ്വാഭാവിക മരണത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News