മദ്യ അഴിമതിക്കേസിൽ വൈഎസ്ആർ കോൺഗ്രസ് നേതാവ് ബംഗളൂരുവിൽ അറസ്റ്റിൽ
ചന്ദ്രഗിരിയിൽ നിന്നുള്ള മുൻ എംഎൽഎ ഭാസ്‌കർ റെഡ്ഡി കേസിൽ 38-ാം പ്രതിയാണ്.
ബംഗളൂരു: കോടികളുടെ മദ്യ അഴിമതിക്കേസിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) ജനറൽ സെക്രട്ടറി ചെവിറെഡ്ഡി ഭാസ്‌കർ റെഡ്ഡിയെ ആന്ധ്രാപ്രദേശ് പൊലീസ് ബംഗളൂരുവിൽ ബുധനാഴ്ച അറസ്റ്റ് ചെയ്തു.
തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അദ്ദേഹത്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച രാത്രി ബംഗളൂരു കെമ്പെ ഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അദ്ദേഹത്തെ തടയുകയായിരുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണിത്.
ഇമിഗ്രേഷൻ അധികൃതർ ആന്ധ്രാപ്രദേശ് പൊലീസിനെ വിവരമറിയിച്ചു. ഭാസ്‌കർ റെഡ്ഡിയെയും സഹായി വെങ്കിടേഷ് നായിഡുവിനെയും ബുധനാഴ്ച പുലർച്ചെയാണ് എസ്‌ഐടി സംഘം അറസ്റ്റ് ചെയ്തത്. ഇരുവരെയും വിജയവാഡയിലേക്ക് കൊണ്ടുപോയി. അവിടെ ഇരുവരേയും ആന്റി കറപ്ഷൻ ബ്യൂറോ കോടതിയിൽ ഹാജരാക്കും. ചന്ദ്രഗിരിയിൽ നിന്നുള്ള മുൻ എംഎൽഎ ഭാസ്‌കർ റെഡ്ഡി കേസിൽ 38-ാം പ്രതിയാണ്. കേസിൽ ഇതുവരെ 39 പ്രതികളെ എസ്‌ഐടി അറസ്റ്റ് ചെയ്തിട്ടുണ്ട്.