തോല്‍വിയറിയാതെ മൂന്നു മത്സരം; ബ്ലാസ്‌റ്റേഴ്‌സ് ഗോവയെ അട്ടിമറിക്കുമോ?
കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ കിബുവിന്റെ സംഘം തോല്‍വിയറിഞ്ഞിട്ടില്ല
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിന്റെ സ്വന്തം കൊമ്പന്മാര്‍ ഇന്ന് വീണ്ടും കളത്തില്‍. കരുത്തരായ എഫ്‌സി ഗോവയാണ് എതിരാളികള്‍. ഈ സീസണില്‍ കേരളത്തിനെതിരെ തുടര്‍ച്ചയായ രണ്ടാം ജയമാണ് ഗോവ ലക്ഷ്യമിടുന്നത് എങ്കില്‍ കഴിഞ്ഞ മത്സരങ്ങളില്‍ നടത്തിയ മികച്ച പ്രകടനം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്‌റ്റേഴ്‌സ്. ബാംബോലിമിലെ ജിഎംസി സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.
ബംഗളൂരു എഫ്‌സിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന് ജയിച്ച ആവേശത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചത് എന്നത് ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തുന്നു. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ കിബുവിന്റെ സംഘം തോല്‍വിയറിഞ്ഞിട്ടില്ല.
മുന്‍തൂക്കം ഗോവയ്ക്ക്
കേരളത്തിനെതിരെ വ്യക്തമായ മേധാവിത്വവുമായാണ് ഗോവ കളത്തിലിറങ്ങുന്നത്. ഐസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരെയുള്ള 13 മത്സരങ്ങളില്‍ ഒമ്പതിലും ജയം ഗോവയ്ക്ക് ഒപ്പമായിരുന്നു. മൂന്നെണ്ണം തോറ്റു. ഒരു കളി സമനിലയിലായി. സീസണിലെ ആദ്യ മുഖാമുഖത്തില്‍ 3-1ന് ഗോവയ്ക്കായിരുന്നു ജയം. തുടര്‍ച്ചയായ അഞ്ചു മത്സരങ്ങളില്‍ ഗോവ തോല്‍വിയറിഞ്ഞിട്ടില്ല.
കളത്തില്‍ മനോഹമായ ഫുട്‌ബോള്‍ കളിക്കുന്ന യുവാന്‍ ഫെറാണ്ടോയുടെ സംഘം അതിശക്തരാണ്. ലീഗില്‍ ഇതുവരെ 12 കളികളില്‍ അഞ്ചെണ്ണത്തിലാണ് ഗോവ ജയിച്ചത്. മൂന്നു കളി തോല്‍ക്കുകയും നാലു കളികളില്‍ സമനില വഴങ്ങുകയും ചെയ്തു. കേരളത്തിന് 12ല്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്.
മുന്നേറ്റ നിരയിലെ ഗോളടി യന്ത്രം ഇഗോര്‍ അങ്കുലോ, ജോര്‍ജ് ഓര്‍ടിസ്, റൊമാരിയോ ജസുരാജ്, സേവ്യര്‍ ഗാമ തുടങ്ങിയ മികച്ച താരനിര കരുത്തരാണ്. ഓര്‍ട്ടിസിന്റെ വേഗവും അങ്കുലോയുടെ ഫിനിഷിങ് മികവും കേരളത്തിന് വെല്ലുവിളിയാകും.
പുതിയ ബ്ലാസ്റ്റേഴ്‌സ്
സീസണിന്റെ തുടക്കത്തിലുള്ള ടീമേ അല്ല ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്‌സ് എന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. കളി ജയിക്കാന്‍ പാസിങ് ഗെയിം എന്ന തന്ത്രം വരെ ഉപേക്ഷിക്കാന്‍ കോച്ച് കിബു വിക്കുന തയ്യാറായി. ജംഷഡ്പൂരിനെതിരെയും ഈസ്റ്റ്ബംഗാളിനെതിരെയും പാസിങ് ഗെയിം എന്ന തന്ത്രം ഉപേക്ഷിച്ചാണ് കേരളം കളിച്ചത്.
അതിവേഗത്തില്‍ സ്‌ടൈക്കര്‍മാര്‍ക്ക് പന്തെത്തുക എന്നതായിരുന്നു കളി ശൈലി. ബംഗളൂരുവിനെതിരെ പന്ത് കൈവശം വച്ച് കളിച്ചു ജയിക്കുകയും ചെയ്തു. ഈസ്റ്റ് ബംഗാളിനെതിരെ കളിയുടെ അവസാന നിമിഷമാണ് ബ്ലാസ്‌റ്റേഴ്‌സിന് സമനില വഴങ്ങേണ്ടി വന്നത്. ബംഗളൂരുവിനെതിരെ അവസാന മിനിറ്റില്‍ ജയം പിടിച്ചു വാങ്ങുകയും ചെയ്തു. ആദ്യ എട്ടു കളിയില്‍ നിന്ന് എട്ടു ഗോളാണ് ബ്ലാസ്‌റ്റേഴ്‌സ് നേടിയത് എങ്കില്‍ അവസാന നാലു കളികളില്‍ നിന്ന് എട്ടു ഗോളാണ് ടീം സ്‌കോര്‍ ചെയ്തത്.
രണ്ടാം സ്‌ട്രൈക്കറായി കളിക്കുന്ന ഗാരിഹൂപ്പര്‍, ഒന്നാം സ്‌ട്രൈക്കറായ ജോര്‍ഡാന്‍ മറെ എന്നിവരാണ് കേരളത്തിന്റെ കരുത്ത്. വിങ്ങില്‍ സഹല്‍ അബ്ദുല്‍ സമദും രാഹുല്‍ കെപിയും മികച്ച ഫോമിലാണ്. ഒമ്പത് വ്യത്യസ്ത ഗോളടിക്കാരുള്ള സംഘം കൂടിയാണ് ബ്ലാസ്‌റ്റേഴ്‌സ്.