ലാവ്‌ലിനില്‍ ഖജനാവിന് നഷ്ടമുണ്ടായെന്ന വാദം നിലനില്‍ക്കില്ലെന്ന് ഹരീഷ് സാല്‍വെ
കൃത്യമായ രേഖകളോ തെളിവുകളോ ഇല്ലാതെ സി ബി ഐ കെട്ടുകഥ മെനഞ്ഞിരിക്കുകയാണെന്ന് ഹരീഷ് സാല്‍വെ വാദിച്ചു. കേസില്‍ വാദം തുടരുകയാണ്.
ലാവ്‌ലിന്‍ കരാറില്‍ ഖജനാവിന് നഷ്ടമുണ്ടായെന്ന സിബിഐ വാദം നിലനില്‍ക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹരീഷ് സാല്‍വെ ഹൈക്കോടതിയില്‍. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ദീര്‍ഘ വീക്ഷണത്തോടെയുളള പ്രവര്‍ത്തനങ്ങളാണ് പിണറായി വിജന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും സാല്‍വെ. കേസില്‍ വാദം തുടരുകയാണ്.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകര്‍ നിരത്തിയ വാദങ്ങള്‍ ശക്തമായി ഹൈക്കോടതിയില്‍ ഉന്നയിച്ചിരിക്കുകയാണ് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. വൈദ്യുത പദ്ധതികള്‍ നവീകരിച്ചതിന്റെ ഗുണഫലം കേരളത്തിന് ലഭിച്ചിട്ടുണ്ട്. മന്ത്രിസഭയുടെ അനുമതിയില്ലാതെയാണ് പൂര്‍ണ്ണ അറ്റകുറ്റപ്പണിക്കായി ലാല് ലിന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതെന്ന വാദം തെറ്റാണ്.
മലബാര്‍ ക്യാന്‍സര്‍ സെന്ററിന് സഹായം നല്‍കിയത് കനേഡിയന്‍ കമ്പനിയായ സിഡയാണ്. കാരാറില്‍ ഒപ്പ് വെച്ചത് സര്‍ക്കാരും ക്യാന്‍സര്‍ സെന്റെറും നേരിട്ടാണ്. ഇത്തരത്തില്‍ കൃത്യമായ രേഖകളോ തെളിവുകളോ ഇല്ലാതെ സി ബി ഐ കെട്ടുകഥ മെനഞ്ഞിരിക്കുകയാണെന്ന് ഹരീഷ് സാല്‍വെ വാദിച്ചു. നല്ല ഉദ്ദേശത്തോടെയാണ് ലാവ്‌ലിന്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയത്, എന്നാല്‍ നല്ല കാര്യങ്ങള്‍ ചെയ്താലും പഴി കേള്‍ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ വാദം തുടരുകയാണ്.