ഓര്‍ത്തഡോക്സ് സഭ വൈദികര്‍ പ്രതികളായ പീഡനക്കേസ്: വൈദികരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും

കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ട വൈദികനെതിരെ തെളിവുണ്ടെന്നും ഇയാള്‍ എങ്ങിനെ ഒഴിവാക്കപ്പെട്ടെന്ന് അന്വേഷിക്കണമെന്നും യുവതിയുടെ ഭര്‍ത്താവ്

Update: 2018-07-03 02:14 GMT

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഓർത്തഡോക്സ് സഭാ വൈദികർ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്ന് അറസ്റ്റുണ്ടായേക്കും. അതേസമയം കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ട വൈദികനെതിരെ തെളിവുണ്ടെന്നും ഇയാള്‍ എങ്ങിനെ ഒഴിവാക്കപ്പെട്ടെന്ന് അന്വേഷിക്കണമെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. സഭാ നടപടികള്‍ക്കും അപ്പുറം വൈദികര്‍ നിയമപരമായി ശിക്ഷിക്കപ്പെടണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ വൈദികര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും അന്വേഷണ സംഘം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇന്നുതന്നെ കടക്കുമെന്നാണ് സൂചന. വൈദികരായ എബ്രഹാം വര്‍ഗീസ്, ജോണ്‍സണ്‍ വി മാത്യു, ജെയ്സ് കെ ജോര്‍ജ്ജ്, ജോബ് മാത്യു എന്നിവര്‍ക്കെതിരെ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഗൂഢാലോചന മുതലായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അഞ്ച് വൈദികര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് നടപടികളില്‍ നിന്ന് ഒരാള്‍ ഒഴിവാക്കപ്പെട്ടതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. വൈദികര്‍ക്കെതിരെ സഭാ നേതൃത്വം നടപടിയെടുക്കണമെന്നാണ് താന്‍ ആഗ്രഹിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടണം. വൈദികരുടെ അറസ്റ്റിനൊപ്പം 164 വകുപ്പ് പ്രകാരം യുവതിയുടെ രഹസ്യ മൊഴിയെടുക്കുന്നതിനും നീക്കം നടക്കുന്നുണ്ട്.

Tags:    

Similar News