ഹോട്ടലുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നു
കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനാണ് പദ്ധതി നടപ്പാക്കുന്നത്.
ഹോട്ടലുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായി തുറന്ന് നല്കുന്ന പദ്ധതിക്ക് ഈ മാസം തുടക്കമാകും. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനാണ് പദ്ധതി നടപ്പാക്കുന്നത്.ഈ മാസം 25ന് ആരംഭിക്കുന്ന അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ക്ലൂ പദ്ധതി ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും ശുചിമുറികള്‍ പൊതുജനങ്ങള്‍ക്കുപയോഗിക്കാന്‍ കൂടി തുറന്ന് കൊടുക്കുന്നതാണ് പദ്ധതി. ക്ലൂ എന്നാണ് പദ്ധതിയുടെ പേര്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ക്ലൂ ആപ് ഡൌണ്‍ലോഡ് ചെയ്തുപയോഗിക്കാം. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തെ എല്ലാ നഗരത്തിലെയും സന്നദ്ധമായ ഹോട്ടലുകളുടെയെും റസ്റ്റോറന്റുകളെയും പേരുകളും വിവരങ്ങളും ഈ ആപിലൂടെ അറിയാം.
വിവിധ കാറ്റഗറികളായി ഹോട്ടലുകളെ തരംതിരിച്ചായിരിക്കും സംവിധാനം. ആദ്യ ഘട്ടത്തില്‍ 2000 ഹോട്ടലുകള്‍ പദ്ധതിയുടെ ഭാഗമാകും. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളത്തില്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കും.