മുഖ്യമന്ത്രിക്കെതിരെ ഒരു പോസ്റ്റിട്ടാല്‍ എന്നെ അറസ്റ്റു ചെയ്യുമായിരുന്നല്ലോ: അഡ്വ. ഹരീഷ് വാസുദേവന്‍റെ എഫ്ബി പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമെന്ന് വാളയാറിലെ അമ്മ

ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രിക്കെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സ്വതന്ത്രയായി മത്സരിച്ചിരുന്നു.

Update: 2021-04-09 03:39 GMT
Advertising

തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. തനിക്കെതിരെ ഹരീഷ് വാസുദേവൻ ഫെയ്‍സ്‍ബുക്ക് പോസ്റ്റിട്ടത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. എൽ.ഡി.എഫ് സ്ഥാനാർഥിയായ പിണറായി വിജയന്‍റേതല്ലാതെ, മറ്റു സ്ഥാനാർത്ഥികളുടെ ഒരു പോസ്റ്ററുമില്ലാത്ത സ്ഥലങ്ങളാണ് ധർമ്മടം മണ്ഡലത്തിലുള്ളത്. തന്‍റെ പോസ്റ്ററുകളും, ബാനറുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നുവെന്നും അതില്‍ നിന്ന് തന്നെ സിപിഎം എന്തെല്ലാമോ ഭയക്കുന്നുണ്ടെന്ന് വ്യക്തമാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ മീഡിയ വണ്ണിനോട് പറഞ്ഞു.

ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രിക്കെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സ്വതന്ത്രയായി മത്സരിച്ചിരുന്നു. ഞങ്ങളോട് മുഖ്യമന്ത്രി കാണിച്ച അനിതീ ആ മണ്ഡലത്തിലെ ജനങ്ങള്‍ അറിയണം എന്നുള്ളത് കൊണ്ടാണ് അവിടെ മത്സരിച്ചതെന്നും ആ അമ്മ പറഞ്ഞു.

2018ല്‍ പ്രതികളെ വെറുതെവിട്ട സമയത്ത് സോജനെതിരെയും പ്രതികള്‍ക്കെതിരെയും ഹരീഷ് പോസ്റ്റിട്ടിരുന്നു. അന്ന് കുറ്റം ചെയ്തവര്‍ക്കെതിരെ പോസ്റ്റിട്ട ഹരീഷ് എന്തിനാണ് ഇപ്പോള്‍ തനിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നതെന്നും എന്തിനാണ് തന്നെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എന്നും അവര്‍ ചോദിക്കുന്നു. അതുകൊണ്ടാണ് ഇതില്‍ ഗൂഢാലോചനയുണ്ടെന്ന് പറയേണ്ടിവരുന്നത്. ആ ഗുഢാലോചനയില്‍ മുഖ്യമന്ത്രിക്ക് വരെ പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ഹരീഷിന്‍റെ പോസ്റ്റിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിലും വാളയാര്‍ പൊലീസ് സ്റ്റേഷനിലും വാളയാറിലെ അമ്മ പരാതി നല്‍കിയിട്ടുണ്ട്. ഹരീഷ് ആ പോസ്റ്റിടുമ്പോള്‍ താന്‍ വാളയാര്‍ കുട്ടികളുടെ അമ്മ എന്നതിലുപരി ധര്‍മ്മടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു. അങ്ങനെയുള്ള തന്നെ മനഃപൂര്‍വം അവഹേളിക്കാനാണ് ഹരീഷ് അത്തരമൊരു പോസ്റ്റിട്ടത്. മുഖ്യമന്ത്രി ഒരു കളവ് ചെയ്തു എന്ന് പറഞ്ഞ് ഞാനൊരു പോസ്റ്റിട്ടിരുന്നെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യുമായിരുന്നല്ലോ എന്നും അവര്‍ ചോദിച്ചു.

Full View
Tags:    

Similar News