‘വഖഫ് ബിൽ പ്രതിഷേധത്തിന് ​നേരെ പൊലീസ് എറിഞ്ഞ ഗ്രനേഡ് വീണ് യുവാവിന്റെ കാഴ്ച നഷ്ടമായി’; കുറിപ്പുമായി സോളിഡാരിറ്റി നേതാവ്

വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സോളിഡാരിറ്റിയും എസ്ഐഒയും ചേർന്ന് നടത്തിയ എയർപോർട്ട് ഉപരോധത്തിന് നേരെ ഗ്രനേഡുകൾ എറിയുകയായിരുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്

Update: 2025-05-15 07:33 GMT
Editor : സനു ഹദീബ | By : Web Desk

വഖഫ് ബിൽ പ്രതിഷേധത്തിന് ​നേരെ പൊലീസ് എറിഞ്ഞ ഗ്രനേഡ് വീണ് യുവാവിന്റെ കാഴ്ച നഷ്ടമായെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. ഏപ്രിൽ 9 ന് സോളിഡാരിറ്റി - എസ്ഐഒ നടത്തിയ കരിപ്പൂർ എയർ പോർട്ട് ഉപരോധത്തിനിടെയാണ് ഡോളിഡാരിറ്റി പ്രവർത്തകനായ സമീറിന് കാഴ്ച നഷ്ടമായത്. ഉപരോധത്തിലെ സംഘർഷത്തിനിടെ പൊലീസ് പ്രവർത്തകർക്ക് നേരെ ഗ്രനേഡുകൾ എറിയുകയായിരുന്നുവെന്ന് തൗഫീഖ് മമ്പാട് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

ഒരു പ്രകോപനവുമില്ലാതെ പൊലീസ് വലിച്ചെറിഞ്ഞ ടിയർ ഗ്യാസ് ഗ്രനേഡിലൊന്ന് വന്ന് പതിച്ചത് പത്തിരിപ്പാല സ്വദേശിയായ സമീറിന്റെ കണ്ണിലാണെന്ന് തൗഫീഖ് പറയുന്നു. എയർപോർട്ട് ഉപരോധത്തിനിടെ തികച്ചും അന്യായമായി പോലീസ് ഗ്രനേഡ് എറിഞ്ഞും ലാത്തി വീശിയും ടിയർ ഗ്യാസ് പ്രയോഗിച്ചും അക്രമിച്ചവരുടെ കൂട്ടത്തിൽ പരിക്ക് പറ്റിയ പ്രവർത്തകരിൽ പലർക്കും ഇന്നും ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. പോലീസാക്രമണത്തിൽ അന്ന് പരിക്ക് പറ്റിയ സമീറിന്റെ ഒരു കണ്ണിന്റെ കാഴ്ച ക്രമേണ മങ്ങുകയും പിന്നീട് തീരെ കാണാൻ കഴിയാത്ത അവസ്ഥയിലെത്തുകയും ചെയ്തിരുന്നു. കാഴ്ച തിരികെ കിട്ടാൻ വിദഗ്ധരായ ഡോക്ടർമാർ ഓപറേഷൻ നിർദേശിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഓപ്പറേഷൻ നടക്കാൻ പോവുകയാണെന്നും കുറിപ്പിൽ പറയുന്നു.

Advertising
Advertising

സത്യത്തിനും അഭിമാനത്തോടെയുള്ള നിലനിൽപ്പിനും വേണ്ടി, രാജ്യത്ത് അനുവദിക്കപ്പെട്ട മാർഗത്തിൽ സമാധാനപൂർവം സമരം ചെയ്തതിന്റെ പേരിലാണ് അദ്ദേഹത്തിനും അതുപോലെ ഒരുപാട് സഹപ്രവർതകർക്ക് വേറെയും വേദനകളും പ്രയാസങ്ങളും ഏൽക്കേണ്ടി വന്നത്. വഖ്ഫ് നിയമ ദേഗതി പോലുള്ള വംശീയ നിയമനിർമാണങ്ങൾക്കെതിരെ ആർജവത്തോടെ ശബ്ദിക്കാനുള്ള ആഹ്വാനം കൂടിയാണ് സമീറടക്കമുള്ളവർ പകർന്നു തരുന്നതെന്നും തൗഫീഖ് മമ്പാട് ചൂണ്ടിക്കാട്ടി. ആശുപത്രിയിൽ കഴിയുന്ന സമീറിനൊപ്പമുള്ള ചിത്രങ്ങളും തൗഫീഖ് പങ്കുവെച്ചിട്ടുണ്ട്. 

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇത് പത്തിരിപ്പാലയിലെ പ്രിയ സഹോദരൻ ഡോളിഡാരിറ്റി പ്രവർത്തകനായ സമീർ. ഇന്ന് അദ്ദേഹത്തിന്റെ കണ്ണിന് സർജറി നടക്കുകയാണ്. പാരമ്പര്യമായി ഏതെങ്കിലും കാഴ്ച പരിമിതിയുള്ള വ്യക്തിയല്ല സമീർ. വഖഫ് നിയമ ഭേദഗതിക്കെതിരെ സമരം നയിച്ചതിന്റെ പേരിൽ കേരള പോലീസ് സമ്മാനമായി നൽകിയതാണീ സർജറി. ഒരു പ്രകോപനവുമില്ലാതെ പോലീസ് വലിച്ചെറിഞ്ഞ ടിയർ ഗ്യാസ് ഗ്രനേഡിലൊന്ന് വന്ന് പതിച്ചത് ഇദ്ദേഹത്തിന്റെ കണ്ണിലായിരുന്നു.

സമീറിനെ ഹോസ്പിറ്റലിൽ സന്ദർശിച്ച് മടങ്ങി വരുന്ന വഴിയാണ്. വംശീയ വഖ്ഫ് ഭേദഗതിക്കെതിരെ സോളിഡാരിറ്റിയും എസ് ഐ ഒയും ചേർന്ന് നടത്തിയ എയർപോർട്ട് ഉപരോധത്തിനിടെ തികച്ചും അന്യായമായി പോലീസ് ഗ്രനേഡ് എറിഞ്ഞും ലാത്തി വീശിയും ടിയർ ഗ്യാസ് പ്രയോഗിച്ചും അക്രമിച്ചവരുടെ കൂട്ടത്തിൽ പരിക്ക് പറ്റിയ പ്രവർത്തകരിൽ പലർക്കും ഇന്നും ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.

പോലീസാക്രമണത്തിൽ അന്ന് പരിക്ക് പറ്റിയ സമീറിന്റെ ഒരു കണ്ണിന്റെ കാഴ്ച ക്രമേണ മങ്ങുകയും പിന്നീട് തീരെ കാണാൻ കഴിയാത്ത അവസ്ഥയിലെത്തുകയും ചെയ്തിരുന്നു. കാഴ്ച തിരികെ കിട്ടാൻ വിദഗ്ധരായ ഡോക്ടർമാർ ഓപറേഷൻ നിർദേശിച്ചിട്ടുണ്ട്.

ഇൻശാ അല്ലാഹ് ഇന്ന് ആ ഓപറേഷൻ നടക്കുകയാണ്. അത് വിജയകരമാവാനും കാഴ്ച പൂർണമായും തിരിച്ച് കിട്ടാനും ഓരോരുത്തരും പ്രാർഥിക്കണം.ഒരേ സമയം വേദനയും അഭിമാനവും കൊണ്ട് മനസ്സ് കനത്ത് നിൽക്കുകയാണ്.

സത്യത്തിനും അഭിമാനത്തോടെയുള്ള നിലനിൽപ്പിനും വേണ്ടി, രാജ്യത്ത് അനുവദിക്കപ്പെട്ട മാർഗത്തിൽ സമാധാനപൂർവം സമരം ചെയ്തതിന്റെ പേരിലാണ് അദ്ദേഹത്തിനും അതുപോലെ ഒരുപാട് സഹപ്രവർതകർക്ക് വേറെയും വേദനകളും പ്രയാസങ്ങളും ഏൽക്കേണ്ടി വന്നത്. സഹിച്ച ത്യാഗങ്ങളൊന്നും രണ്ട് ലോകത്തും വെറുതെയാവുകയില്ല എന്ന് ഉറപ്പുണ്ട്. എന്നാലും, പരിക്കൊന്നും പറ്റാതെ, വെയിൽ കൊള്ളാതെ, വീട്ടിൽ സുഖമായുറങ്ങുന്ന നമ്മൾക്ക് അവരോട് ചില ബാധ്യതകളുണ്ട്. മറന്നു പൊയ്‌ക്കൂടാ ഈ പേരുകളൊന്നും. നമ്മുടെ ഓർമകളിൽ, ദുആകളിൽ, നീതിക്കു വേണ്ടിയുള്ള ശബ്ദങ്ങളിൽ ഈ നിരപരാധികളുടെ വേദനകൾ നിരന്തരം ചേർത്ത് വെക്കേണ്ടതുണ്ട്.

വഖ്ഫ് നിയമ ദേഗതി പോലുള്ള വംശീയ നിയമനിർമാണങ്ങൾക്കെതിരെ ആർജവത്തോടെ ശബ്ദിക്കാനുള്ള ആഹ്വാനം കൂടിയാണ് സമീറടക്കമുള്ളവർ പകർന്നു തരുന്നത്. പ്രിയ സമീർ, വംശീയതക്കെതിരായ ഐതിഹാസിക സമര ചരിത്രത്തിൽ താങ്കളുടെ കണ്ണും രേഖപ്പെടുത്തപ്പെടും. സമരത്തെ നോക്കി അപഹാസ്യത്തിന്റെ വാക്കുകൾ ചൊരിയുന്ന ഭരണകൂട ദാസ്യർക്കെതിരിൽ ഇതു പോലെ ആയിരം കണ്ണുകൾ നാളെ സാക്ഷി പറയും. തീർച്ച.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News