'സംവാദമല്ല വേണ്ടത്, നമ്മുടെ പെങ്ങള്‍ക്ക് നീതി കിട്ടണം'; മാത്യു കുഴല്‍നാടന് റഹീമിന്റെ മറുപടി

ഇത് ഒരു സംവാദത്തിന്റെ പ്രശ്‌നമല്ലെന്നും പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നീതി കിട്ടുകയാണ് പ്രധാനമെന്നും റഹീം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Update: 2021-07-04 05:23 GMT

പോക്‌സോ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ രക്ഷിക്കാന്‍ ഇടപെട്ട ആരോപണത്തില്‍ സംവാദത്തിന് വെല്ലുവിളിച്ച മാത്യു കുഴല്‍നാടന്‍ എം.എല്‍.എക്ക് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ മറുപടി. ഇത് ഒരു സംവാദത്തിന്റെ പ്രശ്‌നമല്ലെന്നും പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നീതി കിട്ടുകയാണ് പ്രധാനമെന്നും റഹീം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

വിവാദമായപ്പോള്‍ കുഴല്‍നാടന്‍ പ്രതിക്ക് വേണ്ടി ഹാജരാവുന്നതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. നമ്മള്‍ രണ്ടുപേര്‍ തമ്മിലുള്ള തര്‍ക്കമല്ല ഇവിടെ പ്രശ്‌നം. കേരളാ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച, താങ്കള്‍ ഒളിപ്പിച്ച പോക്‌സോ പ്രതിയെ എപ്പോള്‍ ഹാജരാക്കും എന്നതാണ് പ്രശ്‌നമെന്നും റഹീം പറഞ്ഞു.

Advertising
Advertising

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്ത് പ്രഹസനാ മാത്യു,

ആദ്യം താങ്കൾ പ്രതിയെ ഹാജരാക്കൂ.

പോക്സോ കേസാണ്. ഒരു പ്ലസ് വൺ വിദ്യാർഥിനിയെ പീഢിപ്പിച്ചു ഗർഭിണിയാക്കുകയും തുടർന്ന് പിറക്കാത്ത കുഞ്ഞിനെ കൊല്ലുകയും ചെയ്ത കേസാണ്. അതിലുൾപ്പെട്ട കുറ്റവാളികൾക്ക് വേണ്ടിയാണ് താങ്കളുടെ പരിശ്രമങ്ങൾ.

ഈ കാര്യത്തിൽ എന്നെ തർക്കിച്ച് തോൽപ്പിച്ചിട്ടെന്ത്?

നിങ്ങൾ മാപ്പു പറയേണ്ടത് അമ്മമാരും പെങ്ങന്മാരുമുൾപ്പെട്ട നിങ്ങളുടെ വോട്ടർമാരോടാണ്.

കേരളത്തിലെ മുഴുവനാളുകളോടുമാണ്.

ഒരു അഭിഭാഷകൻ എന്ന നിലയിൽ താങ്കൾ ഇന്നുവരെ പോക്സോ കേസുകളിൽ വാക്കാലെത്തെടുക്കാറില്ലെന്നു പറയുന്ന ഫേസ്ബുക്ക് പോസ്റ്റിൽ തന്നെ താങ്കൾ വേറൊരു കാര്യം പറയുന്നുണ്ട്: 'ആദർശം പറഞ്ഞ് പ്രതിച്ഛയ ഭയം കൊണ്ട് പിൻവലിയാൻ എന്റെ മനസാക്ഷി അനുവദിക്കുന്നില്ല.' കോൺഗ്രസുകാരനായ പോക്സോ പ്രതിയെ രക്ഷിക്കാൻ വേണ്ടി കേസിൽ ഇടപെടാൻ തന്നെയാണ് പോകുന്നത് എന്നല്ലേ ഈ വാക്കുകൾ വ്യക്തമാക്കിയത്?

'ഞാൻ വാദിക്കാൻ പോയിട്ടില്ല സത്യമായും പോയിട്ടില്ല അമ്മയാണേപോയിട്ടില്ല' എന്നൊക്കെ ഇപ്പോൾ ആണയിടുന്നത് പിന്നെയെന്തിനാണ്?.

യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിയായ പ്രതിയെ ഒളിവിലിരുത്തി, താങ്കൾ മുൻ‌കൂർ ജാമ്യത്തിന് പോക്സോ കോടതിയിൽ ഹർജി നൽകി. താങ്കൾ ഒപ്പിട്ട മുൻകൂർ ജാമ്യാപേക്ഷ ഇതിനകം പുറത്തായിട്ടുമുണ്ട്. സാമൂഹ്യ സമ്മർദ്ദം കൂടി, നാട്ടുകാർക്ക് മുന്നിൽ താങ്കൾ ഒറ്റപ്പെട്ടു. ഒരുപക്ഷെ, താങ്കളുടെ വീട്ടുകാർപോലും "ഇത് നെറികേടാണ് മത്തായീ..." എന്ന് താങ്കളോട് പറഞ്ഞുകാണും.

തുടർന്ന്, അങ്ങ് കോടതിയിൽ നേരിട്ട് ഹാജരാകാതെ മറ്റൊരു അഭിഭാഷകനെ ഏർപ്പാടാക്കി.

ആരാണ് നിങ്ങൾ ഏർപ്പാടാക്കിയ അഭിഭാഷകൻ?

ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്തെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷനും സർവോപരി കെ.പി.സി.സി. നിർവാഹക സമിതി അംഗവുമായിരുന്ന ശ്രീ ടി. ആസിഫലിയെയാണ് യൂത്ത് കോൺഗ്രസ്സ് നേതാവായ പോക്സോ കേസ് പ്രതിക്ക് വേണ്ടി ഹാജരായത്.

ഷാൻ മുഹമ്മദിനെതിരെയൂള്ളത്,

വളരെ ലളിതവും,രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതുമായ കേസെന്ന് താങ്കൾ ആരോപിച്ചിരുന്നു.

പ്രമുഖനായ വക്കീൽ വാദിച്ചു.

എന്നിട്ടും കോടതി ജാമ്യാപേക്ഷ തള്ളി.

കള്ളക്കേസായിരുന്നെങ്കിൽ,അങ്ങയുടെ പ്രിയ സ്നേഹിതനായ ഈ പോക്സോ കേസ് പ്രതിക്ക് ജാമ്യം ലഭിക്കേണ്ടതല്ലേ?

മാത്യു വക്കീലേ,

പതിനാറു വയസ്സുമാത്രമുള്ള ഒരു പെങ്ങളെ പിച്ചിച്ചീന്തിയ പ്രതികൾക്കായി ഇങ്ങനെ പ്രഹസനവുമായി ഇറങ്ങരുത്.

ക്ഷമിക്കണം, താങ്കൾ ഇത്ര സ്ത്രീവിരുദ്ധനെന്ന് ഞാൻ കരുതിയിരുന്നില്ല.

നമ്മൾ രണ്ടുപേർ തമ്മിലുള്ള തർക്കമല്ല

ഇവിടെ പ്രശ്നം.

കേരളാ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച, താങ്കൾ ഒളിപ്പിച്ച പോക്സോ പ്രതിയെ എപ്പോൾ ഹാജരാക്കും എന്നതാണ് പ്രശ്നം.

സ്വാഭാവികമായ നീതിനിർവഹണത്തിന് സഹകരിക്കേണ്ട ഒരു ജനപ്രതിനിധിയായ താങ്കൾ അതിനു നേർ വിപരീതമായ് പ്രവർത്തിക്കുന്നു എന്നതാണ് പ്രശ്‍നം.

ഈ കാര്യത്തിൽ ഡിവൈഎഫ്ഐ ഇതുവരെ ചെയ്തതും പറഞ്ഞതുമെല്ലാം പരസ്യമായ് തന്നെയാണ്.

രഹസ്യമായ് കാര്യങ്ങൾ നീക്കാൻ നോക്കിയിട്ട് നടക്കാതായപ്പോൾ

താങ്കൾക്ക് പെട്ടന്ന് 'പരസ്യമായ്' സംവദിക്കണമെന്ന് തോന്നുന്നത് സ്വാഭാവികവുമാണ്.

ഒരിക്കൽ കൂടി പറയട്ടെ: ഞാനുമായി പരസ്യ സംവാദം നടത്തി അങ്ങ് ജയിക്കുകയോ തോൽക്കുകയോ ചെയ്യേണ്ട കാര്യമല്ലിത്.

നാടിനറിയേണ്ടത്, താങ്കളെന്തിനിത് ചെയ്യുന്നുവെന്നാണ്.

നാടിനറിയേണ്ടത്, താങ്കൾ പ്രതിയെ ഹാജരാക്കുന്ന സമയമാണ്.

നമ്മൾ രണ്ടുപേരിലാരാണ് തോൽക്കുന്നത് എന്നതല്ല കാര്യം,

ഇരയായ ആ പെങ്ങളിങ്ങനെ തോറ്റു നിൽക്കുന്നുവെന്നതാണ് പ്രശ്നം.

അവൾ ജയിക്കട്ടെ.

താങ്കൾ ഒളിപ്പിച്ച പ്രതിയെ ഹാജരാക്കൂ....

Full View

ഡി.വൈ.എഫ്.ഐ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് റഹീമിനോട് പരസ്യസംവാദത്തിന് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം മാത്യു കുഴല്‍നാടന്‍ പറഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് റഹീം പറയുന്ന വേദിയില്‍ സംവാദത്തിന് തയ്യാറാണെന്നാണ് കുഴല്‍നാടന്‍ പറഞ്ഞത്.

Full ViewA

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News