അഞ്ചു ലക്ഷത്തിന് സ്വർണത്തിന് പകരം മുക്കുപണ്ടം നൽകിയതിന്‍റെ വൈരാഗ്യം; ആലുവ തട്ടിക്കൊണ്ടുപോകല്‍ കേസിൽ വഴിത്തിരിവ്

തട്ടിക്കൊണ്ടുപോയ മൂന്ന് അസം സ്വദേശികളെ മർദിച്ച ശേഷം പ്രതികൾ തിരുവനന്തപുരത്ത് ഉപേക്ഷിക്കുകയായിരുന്നു

Update: 2024-03-26 04:01 GMT
Editor : Shaheer | By : Web Desk

കൊച്ചി: ആലുവയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ വഴിത്തിരിവ്. പ്രതികൾ തട്ടിക്കൊണ്ടുപോയ മൂന്ന് അസം സ്വദേശികളും നാട്ടിലെത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. അഞ്ചു ലക്ഷം രൂപ വാങ്ങി, സ്വർണത്തിന് പകരം മുക്കുപണ്ടം നൽകിയതിന്‍റെ വൈരാഗ്യത്തിലായിരുന്നു ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് ആലുവ പൊലീസ് സ്ഥിരീകരിച്ചു.

ഈ മാസം 17നാണ് ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് മൂന്ന് അസം സ്വദേശികളെ തട്ടിക്കൊണ്ടുപോയത്. ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ തിരുവനന്തപുരം കണിയാപുരത്തുനിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. റൂറൽ പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തൽ.

Advertising
Advertising

തട്ടിക്കൊണ്ടുപോയ മൂന്ന് അസം സ്വദേശികളെ മർദിച്ച ശേഷം പ്രതികൾ തിരുവനന്തപുരത്ത് ഉപേക്ഷിക്കുകയായിരുന്നു. മൂന്നുപേരും അസമിലെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. കേസിലെ പ്രതികളിൽ ഒരാളുടെ ബന്ധുവിന്റെ കടയിലാണ് അസം സ്വദേശികൾ ജോലി ചെയ്തിരുന്നത്. വിദേശത്തുനിന്ന് കടത്തിയ 10 ലക്ഷം രൂപയുടെ സ്വർണം തങ്ങളുടെ പക്കലുണ്ടെന്നും ഇത് അഞ്ചു ലക്ഷം രൂപയ്ക്ക് നൽകാൻ തയാറാണെന്നും ഇവർ പ്രതികളോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പണം നൽകി പ്രതികൾ ആഭരണം വാങ്ങി.

എന്നാൽ, പിന്നീട് മുക്കുപണ്ടമാണെന്ന് മനസിലാക്കിയതോടെയാണ് അസം സ്വദേശികളെ തട്ടിക്കൊണ്ടുപോയി മർദിക്കാൻ പ്രതികൾ തീരുമാനിച്ചത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് കാറ് വാടകയ്ക്ക് എടുത്ത് നൽകിയ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശികളായ മുഖ്യപ്രതികൾക്കായുള്ള അന്വേഷണവും തുടരുകയാണ്.

അതേസമയം, നാട്ടിലെത്തിയ അസം സ്വദേശികൾക്ക് പരാതിയില്ലെങ്കിൽ കേസെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്.

Full View

Summary: A breakthrough in the case of kidnapping of Assamese youths in Aluva and the police confirms that it was a feud related to 'gold' transaction

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News