സെക്രട്ടേറിയറ്റിലെ ജാതി അധിക്ഷേപം: കുറ്റക്കാരനെതിരെ കേസെടുക്കണം- എസ്ഡിപിഐ

സെക്രട്ടേറിയറ്റിൽ നിന്ന് പട്ടികജാതിക്കാരിയായ ജീവനക്കാരി സ്ഥലം മാറിപ്പോയപ്പോൾ സഹപ്രവർത്തകൻ ശുദ്ധികലശം നടത്തിയെന്ന പരാതി സാക്ഷര കേരളത്തിന് തന്നെ അപമാനമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൽ ഹമീദ് പറഞ്ഞു.

Update: 2025-06-12 13:42 GMT

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ജാതി അധിക്ഷേപം നടന്നതായുള്ള പരാതിയിൽ കുറ്റക്കാരനെതിരെ കേസെടുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൽ ഹമീദ്. സെക്രട്ടേറിയറ്റിൽ നിന്ന് പട്ടികജാതിക്കാരിയായ ജീവനക്കാരി സ്ഥലം മാറിപ്പോയപ്പോൾ സഹപ്രവർത്തകൻ ശുദ്ധികലശം നടത്തിയെന്ന പരാതി സാക്ഷര കേരളത്തിന് തന്നെ അപമാനമാണ്. ഭരണാനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷൻ നേതാവാണ് ഈ ഹീന കൃത്യം ചെയ്തതെന്ന ആക്ഷേപം ഏറെ ഗൗരവവതരമാണ്. നവോത്ഥാനവും പുരോഗമനവും തങ്ങളുടെ സംഭാവനയാണെന്ന് ഊറ്റം കൊള്ളുന്നവർ തന്നെ മനുഷ്യത്വവിരുദ്ധവും പഴകിപ്പുളിച്ചതുമായ വർണവ്യവസ്ഥയെ താലോലിക്കുന്നു എന്നത് അങ്ങേയറ്റം പരിഹാസ്യമാണ്.

Advertising
Advertising

ഭരണപരിഷ്‌കാര അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് സെല്ലിൽ അറ്റൻഡറായിരുന്ന ജീവനക്കാരി ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പോലും മാറ്റിയെന്നാണ് അവർ നൽകിയ പരാതിയിൽ പറയുന്നത്. മതനിരപേക്ഷതയും മാനവികതയും പുരോഗമനവാദികളുടെ വായ്ത്താരി മാത്രമാണെന്ന് തെളിയിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ. അവസരം കിട്ടുമ്പോൾ മനുവാദത്തെയും ശ്രേണീബദ്ധവും മനുഷ്യത്വ വിരുദ്ധവുമായ ജാതീയതയെയും വംശീയതയെയും പുൽകാനും അനുവർത്തിക്കാനും മനസ് പാകപ്പെട്ടവരായി ഇടതുപക്ഷ പ്രവർത്തകരും സഹയാത്രികരും മാറുന്നു എന്നത് ഏറെ ഖേദകരമാണ്. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി യാഥാർഥ്യമെങ്കിൽ പട്ടിക ജാതിക്കാർക്ക് എതിരായ അതിക്രമം തടയൽ നിയമം ഉൾപ്പെടെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്നും പി. അബ്ദുൽ ഹമീദ് ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News