'യുഡിഎഫ് ഘടകകക്ഷിയാക്കിയുള്ള പ്രഖ്യാപനം ഉടൻ നടത്തണം ,ഇല്ലെങ്കിൽ അതിനനുസരിച്ച് നിലപാടെടുക്കും'; സി.കെ ജാനു
തെരഞ്ഞെടുപ്പിലെ സംഘടനയുടെ നിലപാട് വരുന്ന ദിവസം പ്രഖ്യാപിക്കുമെന്നും സി.കെ ജാനു മീഡിയവണിനോട് പറഞ്ഞു
ഇടുക്കി:തന്റെ പാർട്ടിയെ യുഡിഎഫിലെ ഘടകകക്ഷിയാക്കി കൊണ്ടുള്ള പ്രഖ്യാപനം ഉടൻ നടത്തണമെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആര്‍പി) നേതാവ് സി.കെ ജാനു. മുന്നണിക്കുള്ളിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെങ്കിൽ അതനുസരിച്ചുള്ള നിലപാടെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഘടകകക്ഷിയായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിരുന്നു.മുന്നണി എന്ന നിലയിലേക്ക് പരിഗണിക്കാം എന്നാണ് പറഞ്ഞത്. കിട്ടിയില്ലെങ്കില്‍ അതിനനുസരിച്ച് നിലപാട് എടുക്കും. തെരഞ്ഞെടുപ്പിലെ സംഘടനയുടെ നിലപാട് വരുന്ന ദിവസം പ്രഖ്യാപിക്കുമെന്നും സി.കെ ജാനു മീഡിയവണിനോട് പറഞ്ഞു.
എന്‍ഡിഎ വിട്ടിട്ടതിന് ശേഷം യുഡിഎഫിനൊപ്പം ചേരാനുള്ള കാരണത്തെക്കുറിച്ചും ജാനു പറഞ്ഞു.' ഇടതുപക്ഷത്തിനകത്താണ് ആളുകള്‍ വര്‍ഷങ്ങളായി നിന്നതും കൊടി പിടിച്ചതും പോസ്റ്ററൊട്ടിച്ചതുമെല്ലാം.എന്നിട്ടും മനുഷ്യരായി പരിഗണിക്കാന്‍ പോലും അവര്‍ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്നം.ഇങ്ങനെയുള്ള ഇടതുപക്ഷത്തിന്‍റെ കൂലിത്തൊഴിലാളികളായി നില്‍ക്കാന്‍ ഇനി ഞങ്ങള്‍ക്ക് പറ്റില്ല'. ജാനു പറഞ്ഞു.