സ്വീകരണങ്ങൾ കുറക്കണം, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം: മന്ത്രിമാരോട് മുഖ്യമന്ത്രി

15-ാം നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24, 25 തിയതികളിൽ ചേരാൻ ഗവർണറുടെ അനുമതി തേടിയിട്ടുണ്ട്. 24-ന് പുതിയ എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്യും.

Update: 2021-05-21 07:53 GMT
Editor : André | By : Web Desk

സ്വന്തം വകുപ്പുകളെക്കുറിച്ച് നന്നായി പഠിച്ചു മനസ്സിലാക്കാനാണ് പുതുതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ മുൻഗണന നൽകേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വീകരണ പരിപാടികൾ പരമാവധി കുറക്കണമെന്നും പൊതുചടങ്ങുകളിലും മറ്റും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ പങ്കെടുക്കാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

'സ്വന്തം വകുപ്പുകളെക്കുറിച്ച് നന്നായി പഠിച്ചു കാര്യങ്ങൾ മനസ്സിലാക്കണം. ജനകീയ വിഷയങ്ങൾ അവഗണിക്കരുത്. മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളും പുതിയ ആൾക്കാരാണെന്നത് സർക്കാറിന്റെ പരിമിതിയാവരുത്. സ്വന്തം മണ്ഡലത്തിലും പുറത്തും സ്വീകരണ പരിപാടികൾക്ക് ആളുകൾ ക്ഷണിക്കും. പക്ഷേ, അത്തരം പരിപാടികൾ കഴിയുന്നത്ര വേണ്ടെന്നു വെക്കുകയാണ് ചെയ്യേണ്ടത്. പൊതുചടങ്ങുകളിലും മറ്റും പങ്കെടുക്കുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.' - മുഖ്യമന്ത്രി പറഞ്ഞു.

Advertising
Advertising

കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ മുന്നൂറോളം പേരുടെ സാന്നിധ്യത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷമാണ് മന്ത്രിസഭാ യോഗം നടന്നത്. സംസ്ഥാനത്തെ അതിദാരിദ്ര്യം അഞ്ചു വർഷം കൊണ്ട് ഇല്ലാതാക്കാനും ജപ്തിനടപടികളിലൂടെയും മറ്റും ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാൻ നിയമനിർമാണം നടത്താനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

15-ാം നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24, 25 തിയതികളിൽ ചേരാൻ ഗവർണറുടെ അനുമതി തേടിയിട്ടുണ്ട്. 24-ന് പുതിയ എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്യും. ജൂൺ 4-ന് ബജറ്റ് അവതരിപ്പിക്കും.

Tags:    

Editor - André

contributor

By - Web Desk

contributor

Similar News