ഉന്നയിച്ച ചോദ്യത്തിനൊന്നും മറുപടിയില്ല, നിരത്തുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ': പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി

''എന്തിനെയും എതിർക്കുക എന്നത് നയമായി സ്വീകരിച്ചവര്‍ക്ക് ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാടുകളെ പിന്നീട് ന്യായീകരിക്കാൻ കഴിയില്ല''

Update: 2025-12-10 16:19 GMT
Editor : rishad | By : Web Desk

തിരുവനന്തപുരം: തന്നെ സംവാദത്തിന് ക്ഷണിച്ചുകൊണ്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഫേയ്‌സ്ബുക്ക് കുറിപ്പിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാന്‍ പ്രതിപക്ഷനേതാവിന് കഴിയുന്നില്ലെന്നും പകരം, വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ നിരത്തുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും മുഖ്യമന്ത്രി ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ പ്രതിപക്ഷ നേതാവിനോട് ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അതിന് മറുപടി എന്ന മട്ടിൽ അദ്ദേഹം ചില കാര്യങ്ങൾ ഇന്ന് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനുപോലും ദൗർഭാഗ്യവശാൽ അതിൽ ഉത്തരം കാണുന്നില്ല. പകരം വസ്തുതാ വിരുദ്ധവും അബദ്ധ ജഡിലവുമായ കുറെ കാര്യങ്ങൾ നിരത്തുകയാണ്. ഞാൻ ഉന്നയിച്ച ഒരു വിഷയത്തിന് പോലും കൃത്യമായ മറുപടി പറയാൻ കഴിയാത്തതിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാകൂ.

Advertising
Advertising

പ്രതിപക്ഷം എന്നാൽ നശീകരണ പക്ഷമാണ് എന്ന് സ്വയം വിശ്വസിക്കുന്നതിന്റെ ദുരന്തമാണ് ഇത്. എന്തിനെയും എതിർക്കുക എന്നത് നയമായി സ്വീകർച്ചവർക്ക് ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാടുകളെ പിന്നീട് ന്യായീകരിക്കാൻ കഴിയില്ല.

ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. ലൈഫ് മിഷന്‍, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെന്‍ഷന്‍,

ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്ലൈന്‍, കിഫ്ബി, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോണ്‍, ചൂരല്‍മല-മുണ്ടക്കൈ,

കെ-റെയില്‍ എന്നീ വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാട് എന്ത്, ഇതിനു മുൻപ് സ്വീകരിച്ചതിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്നതാണ് അക്കമിട്ടുള്ള ചോദ്യം. അവയ്ക്കുള്ള മറുപടി പ്രതീക്ഷിക്കുന്നു.

ലൈഫ്മിഷന്‍, വിഴിഞ്ഞം, തുരങ്കപാത, ദേശീയപാത വികസനം, തീരദേശ ഹൈവേ, ക്ഷേമപെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ചത്. മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതിനൊപ്പം ചില ചോദ്യങ്ങള്‍ തിരിച്ച് ചോദിക്കാനുണ്ടെന്നും അതിന് മറുപടി നല്‍കാന്‍ തയ്യാറുണ്ടോ എന്നും സതീശന്‍ ചോദിച്ചിരുന്നു. സംവാദത്തിനുള്ള സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് സതീശന്‍ പറഞ്ഞിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News