കാരശ്ശേരി ബാങ്ക് അട്ടിമറി നീക്കം: ചെയർമാനും കെപിസിസി അംഗവുമായ എന്‍.കെ അബ്ദുറഹ്മാനെ പുറത്താക്കാന്‍ കോണ്‍ഗ്രസ്
എന്‍.കെ അബ്ദുറഹ്മാനെതിരെ ഡിസിസി റിപ്പോർട്ട് നല്കുമെന്ന് കെ.പ്രവീണ്‍ കുമാർ മീഡിയവണിനോട് പറഞ്ഞു
കോഴിക്കോട്: കാരശ്ശേരി ബാങ്ക് അട്ടിമറി നീക്കത്തില്‍ നടപടിയുമായി കോണ്‍ഗ്രസ്. ബാങ്ക് പിടിച്ചെടുക്കുന്നതിന് സിപിഎമ്മിന് സഹായം ചെയ്ത ബാങ്ക് ചെയർമാനും കെപിസിസി അംഗവുമായ എന്‍.കെ അബ്ദുറഹ്മാനെ കോണ്‍ഗ്രസ് പുറത്താക്കും. എന്‍.കെ അബ്ദുറഹ്മാനെതിരെ ഡിസിസി റിപ്പോർട്ട് നല്കുമെന്ന് കെ.പ്രവീണ്‍ കുമാർ മീഡിയവണിനോട് പറഞ്ഞു.
ഒറ്റ രാത്രികൊണ്ട് 800 ലധികം മെമ്പർമാരെ ചേർത്താണ് കാരശ്ശേരി ബാങ്ക് പിടിക്കാന്‍ സിപിഎം ശ്രമം നടത്തിയത്. ഇതിന് ഒത്താശ ചെയതത് ബാങ്ക് ചെയർമാന്‍ എന്‍.കെ അബ്ദുറഹ്മനാണ്. കെപിസിസി അംഗമായ ഇദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു.വിഷയത്തില്‍ കെപിസിസി ഡിസിസിയോട് റിപ്പോർട്ട് തേടി. ഡിസിസി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.
യുഡിഎഫ് ഭരണത്തിലുള്ള 500 കോടി രൂപയിലധികം ആസ്തിയുള്ള ബാങ്കാണ് കാരശ്ശേരി സഹകരണ ബാങ്ക്. ജീവനക്കാരുടെ ഐഡി ഉപയോഗിച്ച് ഇന്നലെ പുലർച്ചെയാണ് 800ലധികം പേരെ മെമ്പറാക്കിത്. സംഭവത്തില്‍ പൊലീസിലും സഹകരണ വകുപ്പിലും പരാതി നല്കിയ യുഡിഎഫ് ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.ബാങ്ക് ഇന്നലെ മുതല്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ്.