എക്സാലോജിക്കിനെതിരായ ആർ.ഒ.സി റിപ്പോർട്ടില്‍ പ്രതിരോധത്തിലായി സി.പി.എമ്മും മുഖ്യമന്ത്രിയും
കരാറിന്‍റെ വിശദാംശങ്ങള്‍ ചോദിച്ചിട്ടും എന്തുകൊണ്ട് എക്സാലോജിക് നല്‍കിയില്ലെന്ന ചോദ്യം പ്രതിപക്ഷത്തിന് ഇനി ശക്തിയായി ഉന്നയിക്കാന്‍ കഴിയും
തിരുവനന്തപുരം: വീണാ വിജയന്‍റെ എക്സാലോജിക് കമ്പനിക്കെതിരായ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്‍റെ(ആർ.ഒ.സി) റിപ്പോർട്ട് പുറത്തുവന്നതോടെ പ്രതിരോധത്തിലായി സി.പി.എമ്മും മുഖ്യമന്ത്രിയും. വീണയെ കേള്‍ക്കാതെയാണ് എക്സാലോജിക്കിനെതിരായ റിപ്പോർട്ട് തയാറാക്കിയതെന്ന വാദം സി.പി.എമ്മിന് ഇനി ഉന്നയിക്കാന്‍ കഴിയില്ല. കരാറിന്‍റെ വിശദാംശങ്ങള്‍ ചോദിച്ചിട്ടും എന്തുകൊണ്ട് എക്സാലോജിക് നല്‍കിയില്ലെന്ന ചോദ്യം പ്രതിപക്ഷത്തിന് ഇനി ശക്തിയായി ഉന്നയിക്കാന്‍ കഴിയും.
മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് വീണാ വിജയനെതിരായ അന്വേഷണമെന്നായിരിന്നു സി.പി.എം ഉയർത്തിയിരുന്ന പ്രതിരോധം. രണ്ട് കമ്പനികള്‍ നിയമപരമായി നടത്തിയ ഇടപാടുകളാണ് വിവാദമാക്കിയതെന്നും സി.പി.എം എതിർവാദമുഖമായി പറഞ്ഞിരിന്നു. എന്നാല്‍, എക്സാലോജിക്കിനും സി.എം.ആർ.എല്ലിനും കെ.എസ്.ഐ.ഡി.സിക്കും എതിരായ അന്വേഷണത്തിന് കാരണമായ ബംഗളൂരു രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്‍റെ റിപ്പോർട്ട് പുറത്തുവരുമ്പോള്‍ അതല്ല മനസിലാകുന്നത്.
സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട കരാറിലെ വിശദാംശങ്ങള്‍ എക്സാലോജിക് നല്‍കിയിട്ടില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്തിനായിരുന്ന കരാർ, എന്ത് സേവനമാണ് സി.എം.ആർ.എല്ലിന് എക്സാലോജിക് നല്‍കിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഒന്നും ഉത്തരമില്ല. ഇതൊന്നും നല്‍കാതെ കിട്ടിയ പണത്തിന് ജി.എസ്.ടി നല്‍കിയ രേഖ മാത്രമാണ് വീണയുടെ കമ്പനി നല്‍കിയതെന്നും പറയുന്നുണ്ട്.
ഇതോടെ വീണയെ പ്രതിരോധിക്കാന്‍ സി.പി.എം നിരത്തിയ വാദങ്ങളെല്ലാം ദുർബലപ്പെടുകയാണ്. വീണയുടെ വാദം കേള്‍ക്കാതെയാണ് ആദായ നികുതി വകുപ്പ് തർക്കപരിഹാര ബോർഡിന്‍റെ ഉത്തരവെന്നു പറയുന്നത് അംഗീകരിക്കാമെങ്കിലും അതിനുശേഷം ബംഗളൂരു ആർ.ഒ.സി നല്‍കിയ ചോദ്യത്തിന് എന്തുകൊണ്ട് എക്സാലോജിക് ഉത്തരം നല്‍കിയില്ലെന്ന ചോദ്യം പ്രസക്തമാണ്. നല്‍കാത്ത സേവനത്തിനാണ് വീണ പണം കൈപ്പറ്റിയതെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന റിപ്പോർട്ട് പുറത്തുവരുമ്പോള്‍ ഇതുവരെ പ്രതിരോധം തീർത്ത സി.പി.എമ്മും മറുപടി പറയാന്‍ ബാധ്യസ്ഥരാകും.
25നു നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ ഈ വിഷയം കത്തിപ്പടരാനാണു സാധ്യത.
Summary: The CPM and the CM are on the defensive after the Registrar of Companies (ROC) report against Veena Vijayan's Exalogic company came out.