കേരളത്തെ മതപരമായി വിഭജിക്കാൻ സിപിഎം ശ്രമം: റസാഖ് പാലേരി
മുസ്‌ലിം സമൂഹത്തിന്റെ വോട്ട് വിനിയോഗത്തെ വർഗീയമായി ചിത്രീകരിച്ചു അപരവത്കരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് റസാഖ് പാലേരി പറഞ്ഞു.
റസാഖ് പാലേരി
തിരുവനന്തപുരം: രാജ്യത്തിനാകമാനം മാതൃകയായി സഹവർത്തിത്വത്തോടെ ജീവിക്കുന്ന കേരളീയ സമൂഹത്തെ മതപരമായി വിഭജിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രക്ഷോഭ ജാഥയുടെ സമാപന പൊതുസമ്മേളനം വേങ്ങരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്നലെ നടത്തിയ പ്രസ്താവന ഇതിന്റെ ഭാഗമാണ്. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ മുസ്‌ലിം വോട്ടർമാർ കൂടുതലുള്ളതുകൊണ്ടാണ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വൻഭൂരിപക്ഷത്തിൽ ജയിച്ചതെന്നാണ് എം.വി ഗോവിന്ദൻ പറയുന്നത്.
മുസ്‌ലിം സമൂഹത്തിന്റെ വോട്ട് വിനിയോഗത്തെ വർഗീയമായി ചിത്രീകരിച്ചു അപരവത്കരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ചില മുസ്‌ലിം സംഘടനകൾക്കെതിരെയാണ് തങ്ങളുടെ പ്രചാരണം എന്ന് പറഞ്ഞ സിപിഎം ഇപ്പോൾ മുസ്‌ലിം സമൂഹത്തിനെതിരെ തന്നെ വംശീയ വിദ്വേഷം വമിപ്പിക്കുന്ന നിലപാട് സ്വീകരിക്കുകയാണ്. ഇൻഡ്യാ മുന്നണിക്കെതിരെ ഉത്തരേന്ത്യയിൽ ബിജെപി നടത്തിയ പ്രചാരണമാണ് കേരളത്തിൽ സിപിഎം നടത്തുന്നത്.
വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷ സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാൻ മുസ്‌ലിം വിരോധം അതിന്റെ പാരമ്യതയിൽ ഉയർത്തുന്നതിൽ സിപിഎം നേതാക്കൾ മത്സരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ തെരഞ്ഞെടുപ്പ് തന്ത്രത്തിന് നേതൃത്വം കൊടുക്കുന്നത്. സംഘ്പരിവാർ നേതാക്കളെ തോൽപ്പിക്കുന്ന മുസ്‌ലിം വിരുദ്ധതയാണ് സിപിഎം നേതാക്കളിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. സിപിഎം സ്വീകരിക്കുന്ന ഈ സമീപനത്തിൽ ഇടതുമുന്നണിയിലെ മറ്റ് ഘടകകക്ഷികൾ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. കേരളീയ സമൂഹത്തെ ഗുരുതരമായ അപകടത്തിലേക്ക് എത്തിക്കുന്ന സിപിഎമ്മിന്റെ വംശീയ രാഷ്ട്രീയത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.