രാഹുൽ മാങ്കൂട്ടത്തിൽ വിളഞ്ഞ് പഴുക്കട്ടെയെന്ന് സജി ചെറിയാൻ; ഹീറോ ആക്കാനുള്ള ശ്രമമെന്ന് എംവി ഗോവിന്ദൻ

ജാമ്യം കിട്ടാൻ രാഹുൽ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.

Update: 2024-01-10 07:39 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റ് സംഘർഷത്തിൽ കേസെടുത്ത് റിമാന്‍റിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ വിളഞ്ഞ് പഴുക്കട്ടെ എന്ന് മന്ത്രി സജി ചെറിയാൻ,എൽ.ഡി.എഫ് മന്ത്രിസഭയിൽ ജയിലിൽ പോകാത്ത ആരാണ് ഉള്ളതെന്നും താനടക്കമുള്ള ആളുകൾ ജയിലിൽ പോയിട്ടുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.

മാധ്യമങ്ങൾ പുതിയ നേതാക്കന്മാരെ സൃഷ്ടിക്കുകയാണെന്നും വിളയാതെ പഴുത്താൽ അധികകാലം നിലനിൽക്കില്ലെന്നും സജി ചെറിയാൻ പരിഹസിച്ചു. "ആദ്യമായിട്ടാണോ ഒരു വിദ്യാർഥി യുവജനനേതാവ് ജയിലിൽ പോവുന്നത്? എൽഡിഎഫ് മന്ത്രിസഭയിൽ ജയിലിൽ പോകാത്ത ആരാണുള്ളത്? ആരുടെയെങ്കിലും ഫോട്ടോ ഇതുപോലെ മാധ്യമങ്ങളിൽ കാണിച്ചിട്ടുണ്ടോ? കേരളത്തിലെ മാധ്യമങ്ങൾ പുതിയ കുറെ നേതാക്കന്മാരെ സൃഷ്ടിക്കുകയാണ്": സജി ചെറിയാൻ പറഞ്ഞു.

കേസിൽ പ്രതികളാകുന്നവരെ അറസ്റ്റ് ചെയ്യുക സാധാരണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. എസ്എഫ്ഐയുടെയും , ഡിവൈഎഫ്ഐയുടെയും നേതാക്കളെ ഇത്തരത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തെ ഹീറോ ആക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. സമരവും പ്രക്ഷോഭവും നടത്തുമ്പോൾ ആർജ്ജവം വേണമെന്നും ജാമ്യം കിട്ടാൻ രാഹുൽ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളിയതിനെതിരെ അപ്പീൽ നൽകുമെന്ന് കോൺഗ്രസ് അറിയിച്ചു. രാഹുലിന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും പൊലീസ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും കാണിച്ചാണ് അപ്പീൽ നൽകുക. ഇതുസംബന്ധിച്ച് യു.ഡി.എഫ് ഏകോപന സമിതി അൽപസമയത്തിനകം യോഗംചേരും.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിൽ കന്റോൺമെന്റ് ഹൗസിലാണ് യോഗം ചേരുക. യോഗത്തിൽ കോൺഗ്രസ്പ്ര തിഷേധ പരിപാടികൾക്ക് അന്തിമ രൂപം നൽകും. യു.ഡി.എഫ് യോഗത്തിന് ശേഷം യൂത്ത് കോൺഗ്രസ് രാഹുലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് മാർച്ച്‌ നടത്തും.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News