ജില്ലാ സെക്രട്ടറി തന്നെ കേന്ദ്ര ബിന്ദു; തുടർവിവാദങ്ങളിൽ ഉലഞ്ഞ് സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വം

സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആനാവൂർ നാഗപ്പന് പകരം ജില്ലാ സെക്രട്ടറിയെ കണ്ടെത്താൻ പോലും കഴിയാത്ത ജില്ലാ ഘടകത്തിൽ പുതിയ വിവാദങ്ങൾ കൂടുതൽ പ്രതിസന്ധിയുണ്ടാക്കും.

Update: 2022-12-25 01:09 GMT

തിരുവനന്തപുരം: തുടർച്ചയായി ഉണ്ടാവുന്ന വിവാദങ്ങളിൽ ആടിയുലഞ്ഞ് സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വം. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആനാവൂർ നാഗപ്പന് പകരം ജില്ലാ സെക്രട്ടറിയെ കണ്ടെത്താൻ പോലും കഴിയാത്ത ജില്ലാ ഘടകത്തിൽ പുതിയ വിവാദങ്ങൾ കൂടുതൽ പ്രതിസന്ധിയുണ്ടാക്കും. ജില്ലാ സെക്രട്ടറി തന്നെ വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവായതോടെ ആനാവൂരിന്റെ നില കൂടുതൽ പരുങ്ങലിലായി.

തദ്ദേശതെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 14 സീറ്റിൽ 13 ലും വിജയം, സംഘടനാരംഗത്തും മറ്റ് കാര്യമായ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. മറ്റ് പല നേതാക്കളെയും തഴഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആനാവൂരിനെ ഉൾപ്പെടുത്താനും ഇതെല്ലാം കാരണമായിരിന്നു. എന്നാൽ പിന്നീട് ജില്ലയിലെ കാര്യങ്ങൾ മാറി മറിഞ്ഞു. ജില്ലാ സെക്രട്ടറിയെ കണ്ടെത്താൻ കഴിയാത്ത തരത്തിൽ ജില്ലയിലെ സംഘടനാ പ്രശ്‌നങ്ങൾ രൂക്ഷമായി. പാർട്ടി സംസ്ഥാന നേതൃത്വത്തെ തന്നെ പ്രതിരോധത്തിലാക്കുന്ന നിരവധി വിഷയങ്ങൾ ഉയർന്നു വന്നു. വിവാദങ്ങളിൽ പലതിലും പ്രതിഭാഗത്ത് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനായിരുന്നു. മേയറുടെയും ഡി.ആർ അനിലിന്റെ കത്ത് വിവാദമായിരുന്നു അതിൽ പ്രധാനം. കത്ത് ലഭിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറിയും എഴുതിയിട്ടില്ലെന്ന് മേയറും പറഞ്ഞെങ്കിലും വിവാദം അവസാനിച്ചിട്ടില്ല.

Advertising
Advertising

പിന്നാലെ സഹകരണ ബാങ്ക് നിയമനത്തിന് കത്ത് നൽകി വീണ്ടും ജില്ലാ സെക്രട്ടറി പ്രതിക്കൂട്ടിലായി. നേതാക്കൾ തമ്മിലുള്ള പടലപ്പിണക്കങ്ങളും അധികാര വടംവലിയും ജില്ലയിലെ പാർട്ടിയെ സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. പാർട്ടി നേതൃത്വത്തിലെ പ്രശ്‌നങ്ങൾ ജില്ലയിലെ വിദ്യാർഥി, യുവജന സംഘടനകളെയും ബാധിച്ചു. നേതാക്കളുടെ പ്രീതി പിടിച്ചുപറ്റി കാര്യസാധ്യത്തിനായി ഒപ്പം കൂടുന്നവരായി വലിയൊരു വിഭാഗം യുവ നേതാക്കൾ മാറിയെന്ന ആക്ഷേപം ശക്തമായി. നേതൃത്വത്തിന് നിയന്ത്രണമില്ലാത്ത അവസ്ഥയിലേക്ക് ജില്ലയിലെ പാർട്ടി പോകുന്നുവെന്ന് വിമർശനം സി.പി.എം സംസ്ഥാന കമ്മിറ്റിയിലും ഉയർന്നു. ഇനി ജില്ലാ നേതൃത്വത്തിന്റെ ഓരോ ചുവടും സംസ്ഥാന നേതൃത്വത്തിന്റെ നിരീക്ഷണത്തിലാകും. പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്തുകയാണ് സംസ്ഥാന നേതൃത്വത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. സെക്രട്ടറിയെ മാറ്റുന്നതിൽ മാത്രമൊതുങ്ങുമോ ശുദ്ധീകരണം എന്നാണ് ഇനി അറിയേണ്ടത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News