വയനാട്: പാർട്ടിയെ പൊതുമധ്യത്തിൽ അപമാനിക്കുന്ന രീതിയിൽ പ്രതികരിച്ച എ.വി ജയന്റെ നടപടി സംഘടനാ വിരുദ്ധവും കടുത്ത അച്ചടക്കലംഘനവുമാണെന്ന് സിപിഎം വയനാട് ജില്ലാ കമ്മിറ്റി. മാധ്യമങ്ങൾക്ക് പാർട്ടിയെ അപമാനിച്ച് ആഘോഷിക്കുവാൻ അവസരം നൽകുന്ന നിലയിലുള്ള നിലപാട് പാർട്ടി രീതിയല്ല. പാർട്ടിയെ ശക്തിപ്പെടുത്തുവാനുള്ള നിലപാടാണ് പാർട്ടി അംഗങ്ങൾ കൈക്കൊള്ളേണ്ടത്. പരസ്യമായ പ്രതികരണം അനുവദിക്കാനാവില്ല. ഏരിയാ കമ്മിറ്റി അംഗങ്ങളായ ജിഷ്ണു ഷാജി, എ.എം പ്രസാദ് എന്നിവരും മാധ്യങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയത് അച്ചടക്കലംഘനമാണ്. നടപടി സംബന്ധിച്ച് പരാതിപ്പെടാനുള്ള അവകാശം പാർട്ടി അംഗങ്ങൾക്കും ഘടകങ്ങൾക്കും പാർട്ടി ഭരണഘടന അനുവദിക്കുന്നുണ്ട്. ഈ അവകാശം ഉപയോഗിക്കുന്നതിന് പകരം പരസ്യ പ്രതികരണം നടത്തുന്നത് പാർട്ടി താൽപ്പര്യം ഉയർത്തിപ്പിടിച്ചുള്ളതല്ലെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
കർഷകസംഘം ജില്ലാ പ്രസിഡന്റും സിപിഎം പുൽപ്പള്ളി ഏരിയാ കമ്മിറ്റി അംഗവുമായ എ.വി ജയനെ പാലിയേറ്റീവ് കെയർ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് തരംതാഴ്ത്തിയത്. വിഷയത്തിൽ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് അംഗീകരിച്ചാണ് ജില്ലാ കമ്മിറ്റി നടപടിയെടുത്തത്. പുൽപ്പറ്റ ഏരിയാ കമ്മിറ്റിയിൽ നിന്ന് ഇരുളം ലോക്കൽ കമ്മിറ്റിയിലേക്കാണ് ജയനെ തരംതാഴ്ത്തിയത്.
അതേസമയം വയനാട് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട ചേരിതിരിവാണ് നടപടിയിലേക്ക് നയിച്ചതെന്ന് വിമർശനമുണ്ടായിരുന്നു. ഇത് നിഷേധിച്ചുകൊണ്ടാണ് ജില്ലാ കമ്മിറ്റി പ്രസ്താവനയിറക്കിയത്.
പ്രസ്താവനയുടെ പൂർണരൂപം:
പാർട്ടിയെ പൊതു മധ്യത്തിൽ അപമാനിക്കുന്ന നിലയിൽ പ്രതികരിച്ച സഖാവ് എ വി ജയൻ്റെ നടപടി സംഘടനാ വിരുദ്ധവും കടുത്ത അച്ചടക്ക ലംഘനവുമാണ്. മാധ്യമങ്ങൾക്ക് പാർട്ടിയെ അപമാനിച്ച് ആഘോഷിക്കുവാൻ അവസരം നൽകുന്ന നിലയിലുള്ള നിലപാട് പാർട്ടി രീതിയല്ല. പാർട്ടിയെ ശക്തിപ്പെടുത്തുവാനുള്ള നിലപാടാണ് പാർട്ടി അംഗങ്ങൾ കൈക്കൊള്ളേണ്ടത്. പരസ്യമായ പ്രതികരണം അനുവദിക്കാനാവില്ല. ഏരിയാ കമ്മിറ്റി അംഗങ്ങളായ ജിഷ്ണു ഷാജി, എ എം പ്രസാദ് എന്നിവരും മാധ്യങ്ങളിലൂടെയുള്ള പരസ്യ പ്രതികരണത്തിലൂടെ അച്ചടക്കലംഘനമാണ് നടത്തിയിരിക്കുന്നത്.
നടപടി സംബന്ധിച്ച് പരാതിപ്പെടാനുള്ള അവകാശം പാർട്ടി അംഗങ്ങൾക്കും ഘടകങ്ങൾക്കും പാർട്ടി ഭരണഘടന അനുവദിക്കുന്നുണ്ട്. ഈ അവകാശം ഉപയോഗിക്കുന്നതിന് പകരം പരസ്യ പ്രതികരണം നടത്തുന്നത് പാർട്ടി താൽപ്പര്യം ഉയർത്തിപ്പിടിച്ചുള്ളതല്ല.
പരസ്യ പ്രതികരണത്തെ ഉപയോഗിച്ച് വലതുപക്ഷ മാധ്യമങ്ങൾ വയനാട്ടിലെ സിപിഎമ്മിൽ വിഭാഗീയത എന്ന നിലയിൽ നടത്തുന്ന പ്രചരണം വസ്തുതകൾക്ക് നിരക്കാത്തതാണ്. ജില്ലയിലെ പാർട്ടിയിൽ യാതൊരു തരത്തിലുമുള്ള വിഭാഗീയതയും നിലനിൽക്കുന്നില്ല. ഐക്യത്തോടെ പാർട്ടി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോവുകയാണ്. പുൽപ്പള്ളി ഏരിയാ കമ്മിറ്റി കൈക്കൊണ്ട സംഘടനാ നടപടിക്ക് പ്രചരിപ്പിക്കുന്നത് പോലെ ജില്ലാ സമ്മേളനവുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ല. ജില്ലാ സമ്മേളനത്തിന് എത്രയോ മുൻപാണ് പരാതി ഏരിയാ കമ്മിറ്റിക്ക് ലഭിക്കുന്നത്. സമ്മേളനം പ്രഖ്യാപിക്കപ്പെട്ട ഘട്ടത്തിൽ പരാതികൾ പരിശോധിച്ച് നടപടി കൈക്കൊള്ളുന്ന രീതി പാർട്ടി പൊതുവേ സ്വീകരിക്കാറില്ല. ആയതിനാൽ ഏരിയാ സമ്മേളനത്തിന് മുൻപ് ലഭിച്ച പരാതി സമ്മേളന ഘട്ടം കഴിഞ്ഞതിന് ശേഷമാണ് ഏരിയാ കമ്മിറ്റി പരിശോധിച്ചത്. കമ്മീഷനെ നിയോഗിച്ച് പരിശോധന നടത്തി ഏരിയാ കമ്മിറ്റിയാണ് നടപടി കൈക്കൊണ്ടത്. ഏരിയാ കമ്മിറ്റിയെടുത്ത നടപടിക്ക് അംഗീകാരം നൽകുകയാണ് ജില്ലാ കമ്മിറ്റി ചെയ്തത്. സംസ്ഥാന നേതൃത്വത്തിൽ നിന്നുള്ള സഖാക്കൾ ഉൾപ്പെടെ പങ്കെടുത്താണ് ജില്ലാ കമ്മിറ്റി യോഗം ചേർന്നത്.
വസ്തുത ഇതാണെന്നിരിക്കെ ജില്ലാ സമ്മേളനവും ജില്ലാ നേതൃത്വവുമായും ബന്ധിപ്പിച്ച് തെറ്റായ പ്രചരണം നടത്തുന്നത് പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യം വെച്ചാണ്. ഇത് വിലപ്പോവില്ല. തെറ്റായ പ്രചരണങ്ങളെ ബഹുജനങ്ങൾ തള്ളിക്കളയണമെന്നും പാർട്ടിയെ മോശമായി ചിത്രീകരിക്കാനുള്ള നീക്കങ്ങളെ ചെറുക്കുവാൻ പ്രവർത്തകർ അണിനിരക്കണമെന്നും അഭ്യർത്ഥിക്കുന്നു.
Full View