ശസ്ത്രക്രിയ നടത്തിയിട്ടും എട്ട് വയസുകാരന്റെ കാലിൽ തറച്ച മുള്ള് കണ്ടെത്താനായില്ല; ഒടുവിൽ മുള്ളെടുത്തത് പിതാവ്

ശസ്ത്രക്രിയക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ കുട്ടിയുടെ കാലിൽനിന്ന് ഒന്നര സെന്റി മീറ്റർ നീളമുള്ള മുള്ളാണ് പിതാവ് രാജൻ പുറത്തെടുത്തത്.

Update: 2023-01-24 12:14 GMT

നിദ്വൈദ്‌

വയനാട്: ശസ്ത്രക്രിയ നടത്തിയിട്ടും എട്ട് വയസുകാരന്റെ കാലിൽ തറച്ച മുള്ള് കണ്ടെത്താനാവാതെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ. ഒടുവിൽ വീട്ടിൽ തിരിച്ചെത്തിയ കുട്ടിയുടെ കാലിൽനിന്ന് മുള്ള് പുറത്തെടുത്തത് പിതാവ്. വയനാട് അഞ്ചുകുന്ന് മങ്കാണി കോളനിയിലെ രാജൻ-വിനീത ദമ്പതികളുടെ മകൻ നിദ്വൈതിനാണ് ഈ ദുർഗതി.

അഞ്ചുകുന്ന വിദ്യാനികേതൻ സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയായ നിദ്വൈതിനെ കാലിൽ മുള്ള് തറച്ചതിനെ തുടർന്ന് ഈ മാസം മൂന്നിനാണ് മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചത്. അന്ന് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിപോന്ന കുട്ടിക്ക് വേദന കുറയാത്തതിനെ തുടർന്ന് വീണ്ടും അഞ്ച് ദിവസം ഇവിടെ അഡ്മിറ്റ് ചെയ്‌തെങ്കിലും കാര്യമായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം പറയുന്നു.

Advertising
Advertising

ഒടുവിൽ എക്‌സ് റേ എടുത്തപ്പോൾ കാൽപാദത്തിൽ എന്തോ തറച്ചിട്ടുണ്ടെന്നും അത് എടുക്കാൻ സംവിധാനമില്ലാത്തതിനാൽ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. 10-ാം തിയതി മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്ത കുട്ടിക്ക് 11-ാം തിയതി ശസ്ത്രക്രിയ നടത്തിയെങ്കിലും മുള്ള് കിട്ടിയില്ല.

17ന് വീട്ടിലെത്തിയ കുട്ടിക്ക് വേദനക്ക് ശമനമില്ലാത്തതിനെ തുടർന്ന് പിതാവ് രാജൻ കാലിലെ കെട്ട് അഴിച്ച് നോക്കിയപ്പോൾ ശസ്ത്രക്രിയ ചെയ്ത ഭാഗത്തുനിന്ന് അൽപം മാറി പഴുപ്പും ഒരു കറുത്ത വസ്തു പുറത്തേക്ക് തള്ളിനിൽക്കുന്നതായും കണ്ടു. പഴുപ്പ് തുടച്ചുമാറ്റിയ ശേഷം ചെറിയ കത്രിക ഉപയോഗിച്ച് പൊന്തിനിൽക്കുന്ന വസ്തു ഇളക്കിയപ്പോൾ ഒന്നര സെന്റിമീറ്റർ മുളയുടെ മുള്ള് പുറത്തേക്ക് വന്നു. തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിൽ മുള്ള് തറച്ച ഭാഗത്തല്ല ശസ്ത്രക്രിയ നടത്തിയതെന്ന് കണ്ടെത്തി. ഇരുമെഡിക്കൽ കോളജുകളിലെയും ഡോക്ടർമാരുടെ അനാസ്ഥക്കെതിരെ ശക്തമായ നടപടി വേണമെന്ന് രാജൻ ആവശ്യപ്പെട്ടു.

Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News