മുസ്‍ലിം സംഘടനകളുടെ ചർച്ചയെ കുറിച്ച് വേവലാതിപ്പെടുന്ന മുഖ്യമന്ത്രി സി.പി.എം - ആര്‍.എസ്.എസ് ചർച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടണം: കെ സുധാകരന്‍

'കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ബി.ജെ.പി അമ്പതിലധികം നിയോജക മണ്ഡലങ്ങളില്‍ വോട്ടുമറിച്ചു'

Update: 2023-02-21 12:41 GMT
Advertising

തിരുവനന്തപുരം: മുസ്‍ലിം സംഘടനകളും ആർ.എസ്.എസും നടത്തിയ ചർച്ചയെ കുറിച്ച് വേവലാതിപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എം - ആര്‍.എസ്.എസ് ചർച്ചയുടെ വിശദാംശങ്ങളും പുറത്തുവിടണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരൻ. ഈ ചര്‍ച്ചയെ തുടര്‍ന്നാണ് ബി.ജെ.പി- സി.പി.എം സംഘട്ടനം നിലച്ചതും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീണ്ടും കൊന്നൊടുക്കിയതും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ബി.ജെ.പി അമ്പതിലധികം നിയോജക മണ്ഡലങ്ങളില്‍ വോട്ടുമറിച്ചു. ലാവ്‌ലിന്‍ കേസ് 33 തവണ നീട്ടിവച്ചതും ഇതേ അന്തര്‍ധാര പ്രവര്‍ത്തിക്കുന്നതു കൊണ്ടാണെന്ന് സുധാകരന്‍ പ്രതികരിച്ചു.

ജമാഅത്തെ ഇസ്‍ലാമി- ആര്‍.എസ്.എസ് ചര്‍ച്ചയില്‍ യു.ഡി.എഫിനും കോണ്‍ഗ്രസിനും ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിക്കുന്നത് സി.പി.എം നേരിടുന്ന ആഴമേറിയ പ്രതിസന്ധികളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ്. ആ വെട്ടില്‍ വീഴാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ല. പിണറായി വിജയനും അദ്ദേഹത്തിന്റെ കൊള്ളസംഘവും നടത്തിയ തീവെട്ടിക്കൊള്ളകളും ജനദ്രോഹ നടപടികളും ജനമധ്യത്തില്‍ തുറന്നുകാട്ടുന്ന പ്രക്ഷോഭ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും സുധാകരന്‍ അറിയിച്ചു.

കാലാകാലങ്ങളില്‍ എല്ലാത്തരം വര്‍ഗീയതയെയും സി.പി.എം താലോലിക്കാറുണ്ട്. 42 വര്‍ഷത്തിലധികം സി.പി.എമ്മിന്റെ സഹയാത്രികരായിരുന്ന ജമാഅത്തെ ഇസ്‍ലാമിയെ സി.പി.എം ഇപ്പോള്‍ ചണ്ടിപോലെ പുറന്തള്ളിയത് സി.പി.എമ്മിന്‍റെ രാഷ്ട്രീയ പാരമ്പര്യത്തിന്‍റെ ഭാഗമാണ്. ബി.ജെ.പിയെ നേരിടാന്‍ ചെറുതും വലുതുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തീരുമാനമെടുത്തപ്പോള്‍ അതില്‍നിന്ന് വിട്ടുനിന്ന് ബി.ജെ.പിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചവരാണ് കേരളത്തിലെ സി.പി.എമ്മുകാരെന്നും സുധാകരന്‍ പ്രതികരിച്ചു.

ഛത്തീസ്ഗഢ് ഉള്‍പ്പെടെ കോണ്‍ഗ്രസ്, ബി.ജെ.പിയിതര പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്രഏജന്‍സികളെ രാഷ്ട്രീയ പ്രതികാരത്തിന് മോദി ഉപയോഗിച്ചിട്ടും കേരളത്തില്‍ സ്വര്‍ണക്കടത്ത്, ലൈഫ്മിഷന്‍ ഇടപാടുകളില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന മുഖ്യമന്ത്രിക്കെതിjz കേന്ദ്രഏജന്‍സികള്‍ ചെറുവിരല്‍ അനക്കുന്നില്ല. വര്‍ഗീയ സംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള സി.പി.എം ബന്ധവും മഅദനിയുമായി മലപ്പുറത്ത് സഖ്യമുണ്ടാക്കി പിണറായി വിജയന്‍ വേദിപങ്കിട്ടതുമൊക്കെ ജനങ്ങളുടെ മനസില്‍ ഇപ്പോഴും പച്ചപിടിച്ചു നില്‍ക്കുന്നു. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് തുറന്നുപറയാന്‍ ചങ്കൂറ്റമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും സുധാകരന്‍ പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News