പുരാവസ്തു തട്ടിപ്പ് കേസിലെ സാമ്പത്തിക ഇടപാട്: കെ സുധാകരന് ഇ.ഡി നോട്ടീസ്

ആഗസ്ത് 18ന് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകണം

Update: 2023-08-13 08:26 GMT

കെ സുധാകരന്‍

Advertising

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ സാമ്പത്തിക ഇടപാടിൽ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ആഗസ്ത് 18ന് കൊച്ചി ഓഫീസിൽ ഹാജരാകണം. കേസിൽ ഐ.ജി ലക്ഷ്മൺ ഈ മാസം 16ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകണം. മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു കേസിലാണ് അന്വേഷണം.

മോൻസന്‍ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ പരാതിക്കാർ നൽകിയ 25 ലക്ഷം രൂപയിൽ 10 ലക്ഷം കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ കൈപ്പറ്റി എന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കെ സുധാകരനെ രണ്ടാം പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച ശേഷം ചോദ്യംചെയ്യലിനായി വിളിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വിവരശേഖരണം നടത്തിയത്.

പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയതിന് പുറമെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് ചോദ്യംചെയ്യലിന് ഹാജരാകാൻ കെ സുധാകരന് ഇ.ഡി നോട്ടീസ് നൽകിയത്. മോൺസന്‍ മാവുങ്കലുമായി കെ സുധാകരൻ നടത്തിയെന്ന് പറയപ്പെടുന്ന സാമ്പത്തിക ഇടപാടുകളുടെ മറവിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്. ഇതുവരെ ശേഖരിച്ച വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാകും ചോദ്യംചെയ്യൽ.

കെ സുധാകരനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വേട്ടയാടുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. അതിനിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്. പൊലീസ് ട്രെയിനിങ് ഐ.ജി ലക്ഷ്മൺ നാളെയും റിട്ടയേഡ് ഡി.ഐ.ജി എസ് സുരേന്ദ്രൻ ബുധനാഴ്ചയും കൊച്ചി ഓഫീസിൽ ഹാജരാകണം എന്നാണ് നിർദേശം.

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News