വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും
പ്രതികളുടെ ശബ്ദരേഖയിൽ രാഹുലിന്റെ പേരുള്ളതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്
തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും. ശനിയാഴ്ച ഹാജരാവാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. പ്രതികളുടെ ശബ്ദരേഖയിൽ രാഹുലിന്റെ പേരുള്ളതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെതെന്ന് പേരിൽ വ്യാജ ഐഡി കാർഡ് നിർമ്മിച്ചു എന്നാണ് കേസ്. കേസിൽ ഫെനി നൈനാൻ, ബിനിൽ ബിനു,അഭിനന്ദ് വിക്രം, വികാസ് കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ അഭിനന്ദ് വിക്രമിന്റെ ഫോണിൽ നിന്ന് ലഭിച്ച ശബ്ദരേഖയിൽ രാഹുലിന്റെ പേരും പരാമർശിക്കപ്പെടുന്നുണ്ട്. ഇതോടെയാണ് രാഹുലിന് ഹാജരാവാൻ നോട്ടീസ് നൽകിയത്. രാഹുലിന്റെ ഐഫോൺ പരിശോധിക്കാൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പലതവണ ആവശ്യപ്പെട്ടിട്ടും പാസ് വേഡ് രാഹുൽ നൽകിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. സിആർ കാർഡ് ആപ്പ് വഴിയാണ് വ്യാജ രേഖ നിർമ്മിച്ചതെന്നാണ് കണ്ടെത്തൽ. നേരത്തെ കേസ് അന്വേഷിച്ച മ്യൂസിയം പൊലീസ് രാഹുലിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ തെളിവ് ലഭിക്കാത്തതിനാൽ പ്രതിചേർത്തിരുന്നില്ല