'ചാൻസലറുടെ നടപടികൾ നീതീകരിക്കാനാകാത്തത്'; ഗവർണർക്കെതിരെ സംയുക്ത പ്രസ്താവനയുമായി മുൻ വി.സിമാർ

മഹിതമായ ചാൻസലർ പദവിയിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം പദവിയ്ക്കുചേരാത്തവിധം രാഷ്ട്രീയ താത്പര്യാർത്ഥം ഉപയോഗിക്കുന്നതാണ് പൊതുസമൂഹം കാണുന്നതെന്ന് മുൻ വി.സിമാർ പ്രസ്താവനയിൽ പറഞ്ഞു.

Update: 2023-12-18 17:05 GMT
Advertising

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലറായ ഗവർണറുടെ നടപടികൾ നീതീകരിക്കാനാകാത്തതെന്ന് മുൻ വി.സിമാർ. കേരളത്തിലെ സർവകലാശാലകൾ അഭിമാനകരമായ മുന്നേറ്റത്തിലായിരുന്നു. സർവകലാശാലകളുടെ അക്കാദമിക മുന്നേറ്റങ്ങൾ ഒരു കൂട്ടുത്തരവാദിത്വമാണ്. അതിനാവശ്യമായ പിന്തുണയാണ് സർവകലാശാലയുടെ ചാൻസലറിൽ നിന്നുണ്ടാകേണ്ടത്. നിർഭാഗ്യവശാൽ കഴിഞ്ഞകുറേക്കാലമായി കേരളത്തിലെ സർവകലാശാലകളിൽ ചാൻസലറിൽ നിന്ന് ഉണ്ടാകുന്നത് നീതീകരിക്കാനാകാത്ത നടപടികളും നിലപാടുകളുമാണ്. സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ ഇടപെടുമ്പോഴും വൈസ് ചാൻസലർമാരോടുള്ള പെരുമാറ്റങ്ങളിലുമുൾപ്പെടെ ചാൻസലറുടെ പ്രവർത്തനരീതികൾപലതും ആ സ്ഥാനത്തിന് ചേരുന്നതല്ലെന്ന് പറയാതിരിക്കാനാകില്ലെന്നും മുൻ വി.സിമാർ പ്രസ്താവനയിൽ പറഞ്ഞു.

സർവകലാശാലകളൂടെ ദൈനംദിന പ്രവർത്തനങ്ങൾപോലും പലതരത്തിൽ തടസ്സപ്പെടുകയാണിപ്പോൾ. ഒട്ടേറെ വിഷയങ്ങൾ അപരിഹാര്യമായി നീങ്ങുന്നു. സെനറ്റുകളിലെ നോമിനേഷനിൽ തികഞ്ഞ യോഗ്യതയുള്ളവരെ സർവകലാശാലകളുമായി ആലോചിച്ച് തീരുമാനിക്കുകയെന്ന സാമാന്യ ജനാധിപത്യപ്രക്രിയപോലും പറ്റില്ലെന്ന ചാൻസലറുടെ വാദം അംഗീകരിക്കാനാകില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന മുൻചാൻസലർ പോലും സ്വീകരിച്ചു വന്നിരുന്ന മുൻകാലരീതിയൊന്നും ബാധകമല്ലെങ്കിൽ, ഏറ്റവും പ്രമുഖരെയാണ് അദ്ദേഹം നോമിനേറ്റ് ചെയ്യേണ്ടിയിരുന്നത്. അത് ചെയ്തില്ലെന്നുമാത്രമല്ല, മഹിതമായ ചാൻസലർ പദവിയിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം പദവിയ്ക്കുചേരാത്തവിധം രാഷ്ട്രീയ താത്പര്യാർത്ഥം ഉപയോഗിക്കുന്നതാണ് പൊതുസമൂഹം കാണുന്നത്. ഇത് തികച്ചും പ്രതിഷേധാർഹമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ കാലിക്കറ്റ് സർവകലാശാലയിൽ നടന്ന നിർഭാഗ്യകരമായ സംഭവങ്ങൾ ചാൻസലറുടെ സ്ഥാനത്തിന് ഒരു തരത്തിലും യോഗ്യമല്ലെന്ന് പറയാതിരിക്കാനാകില്ല. കാലിക്കറ്റ് സർവകലാശാലാ ഗസ്റ്റ് ഹൗസിനു മുന്നിലെ ആൾക്കൂട്ടത്തിന് നടുവിൽവച്ച് സർവകലാശാലയുടെ വൈസ് ചാൻസറോടുള്ള ചാൻസലറുടെപെരുമാറ്റം പൂർണമായും തിരുത്തപ്പെടേണ്ടതാണ്. ഇതൊന്നും കേരളത്തിന്റെ പൊതുമനസ്സിന് അംഗീകരിക്കാനാകില്ല. അതുകൊണ്ടുതന്നെ കേരളത്തിന്റെ വികാസ-പരിണാമങ്ങളിൽ വിളക്കും വെളിച്ചവുമായ സർവകലാശാലകൾക്കുമുകളിൽ ബഹു.ചാൻസലറുടെ കുതിരകയറ്റം അവസാനിപ്പിക്കണമെന്നും പ്രമുഖരായ ചാൻസലർ മാരുടെ മഹത്വംമണക്കുന്ന പൂർവകാല പ്രവർത്തന മാതൃകകൾ ദയവായി ആരിഫ്മുഹമ്മദ്ഖാൻ മനസ്സിലാക്കണമെന്നും മുൻ വി.സിമാർ ആവശ്യപ്പെട്ടു.

ഡോ.കെ.എൻ.പണിക്കർ (മുൻ വൈസ്ചാൻസലർ), ഡോ.രാജൻഗുരുക്കൾ(മുൻ വൈസ്ചാൻസിലർ), ഡോ.ബി.ഇക്ബാൽ(മുൻ വൈസ്ചാൻസലർ), ഡോ.സാബുതോമസ്(മുൻവൈസ് ചാൻസലർ), ഡോ.ഗോപിനാഥ് രവീന്ദ്രൻ(മുൻ വൈസ്ചാൻസലർ), ഡോ.ജെ.പ്രസാദ്(മുൻ വൈസ് ചാൻസലർ), ഡോ.ധർമ്മരാജ് അടാട്ട് (മുൻ വൈസ് ചാൻസലർ), ഡോ.ടി.കെ.നാരായണൻ (മുൻ വൈസ് ചാൻസലർ), ഡോ.കെ.ജി.പൗലോസ് (മുൻ വൈസ് ചാൻസലർ), ഡോ.ജെ.പ്രഭാഷ് (മുൻ പ്രോവൈസ്ചാൻസലർ), ഡോ.കെ.എൻ.ഗണേഷ്(ചരിത്രകാരൻ), ഡോ.എസ്.അയൂബ് (മുൻ പ്രോവൈസ്ചാൻസലർ), ഡോ.കെ.എസ്.രവികുമാർ (മുൻ പ്രോവൈസ് ചാൻസലർ), ഡോ.എൻ.രവീന്ദ്രനാഥ് (മുൻ പ്രോവൈസ് ചാൻസലർ), ഡോ.എസ്.രാജശേഖരൻ (മുൻ പ്രോവൈസ് ചാൻസലർ), ഡോ.എ.ആർ.രാജൻ(സർവ്വവിജ്ഞാന കോശം മുൻ ഡയറക്ടർ), ഡോ.ജെ.രാജൻ(മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് മുൻഡയറക്ടർ&ഡീൻ), ഡോ.റ്റി.എസ്.അനിരുദ്ധൻ(ശാസ്ത്രജ്ഞൻ,യുജിസി ബി.എസ്.ആർ ഫാക്കൽറ്റി ഫെലോ), ഡോ.ജമുന (കേരള സർവ്വകലാശാല മുൻഡീൻ) എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News