അമ്പലപ്പുഴ മണ്ഡലത്തിലെ ജനപ്രതിനിധിയുടെ നേതൃത്വത്തിൽ തനിക്കെതിരെ നികൃഷ്ടമായ ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നു; ജി. സുധാകരൻ
കെപിസിസി പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയുള്ള ഈ സൈബൽ ആക്രമണം എസ്എഫ്‌ഐ ,ഡിവൈഎഫ്‌ഐ നേതാക്കൾ പ്രോത്സാഹിപ്പിക്കുകയാണെന്നും ജി.സുധാകരൻ
ജി. സുധാകരന്‍|Photo|Special Arrangement
ആലപ്പുഴ: കെപിസിസി പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയുള്ള സൈബർ ആക്രമണത്തിൽ എച്ച്. സലാം എംഎൽഎയെ ലക്ഷ്യമിട്ട് ജി.സുധാകരൻ. തനിക്കെതിരെ നികൃഷ്ടമായ ഭാഷയിലാണ് സൈബർ ആക്രമണം നടക്കുന്നത്. അമ്പലപ്പുഴ മണ്ഡലത്തിലെ ഒരു ജനപ്രതിനിധിയുടെ നേതൃത്വത്തിലാണ് ഇത്. എസ്എഫ്‌ഐ ,ഡിവൈഎഫ്‌ഐ നേതാക്കൾ ഇതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ജി.സുധാകരൻ തുറന്നടിച്ചു.
ചരിത്രബോധവും പ്രത്യയശാസ്ത്ര ബോധവുമില്ലാതെ ചീത്ത പറയുകയാണ് തന്നെ. രക്തസാക്ഷിയായ തന്റെ സഹോദരനെയും മരണപ്പെട്ട തന്റെ അച്ഛനെയും അപമാനിക്കുന്നു. ഇതിനു പിന്നിൽ ആരാണെന്ന് വ്യക്തമാണെന്നാണ് ജി.സുധാകരൻ പറഞ്ഞത്. ജില്ലാ കമ്മിറ്റിയംഗം കെ.കെ ഷാജു അടക്കം തന്നെ അധിക്ഷേപിച്ചതിൽ നേതൃത്വം സമാധാനം പറയണമെന്നും സുധാകരൻ പറഞ്ഞു. എല്ലാം ചൂണ്ടിക്കാട്ടി ജില്ലാ നേതൃത്വത്തോട്ട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് അവർക്ക് വേണമെങ്കിൽ നടപടി എടുക്കട്ടെയെന്നും സുധാകരൻ വ്യക്തമാക്കി.
നേരത്തെയും സൈബർ ആക്രമണത്തിനെതിരെ പാർട്ടിക്കും പൊലീസിനും ജി.സുധാകരൻ പരാതി നൽകിയിരുന്നു. എന്നാൽ കർശന നടപടി എടുക്കാത്തതാണ് സുധാകരനെ ചൊടിപ്പിച്ചത്.