സുധാകരനെതിരെ ആരിഫും സജി ചെറിയാനും; അന്വേഷണ കമ്മീഷനു മുന്നിൽ പരാതി പ്രളയം

ആലപ്പുഴയിലെ സുധാകരവിരുദ്ധ പക്ഷത്തിന് വീണുകിട്ടിയ അവസരമായിരുന്നു സി.പി.എമ്മിന്‍റെ അന്വേഷണ കമ്മീഷൻ

Update: 2021-07-26 01:35 GMT

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തന വീഴ്ച അന്വേഷിക്കുന്ന സിപിഎം അന്വേഷണ കമ്മീഷന് മുന്നിൽ മുൻ മന്ത്രി ജി സുധാകരനെതിരെ കൂടുതൽ പരാതികൾ. മന്ത്രി സജി ചെറിയാൻ, എ.എം ആരിഫ് എം.പി എന്നിവരും എച്ച്. സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചു. രണ്ടംഗ കമ്മിഷൻ പ്രാഥമിക ഘട്ട തെളിവെടുപ്പ് പൂർത്തിയാക്കി.

ആലപ്പുഴയിലെ സുധാകരവിരുദ്ധ പക്ഷത്തിന് വീണുകിട്ടിയ അവസരമായിരുന്നു സി.പി.എമ്മിന്‍റെ അന്വേഷണ കമ്മീഷൻ. അന്വേഷണ പരിധിധിക്ക് പുറത്തുള്ളവരെയും കമ്മീഷന് മുന്നിലെത്തിച്ചായിരുന്നു സുധാകരന് എതിരായ നീക്കം. ഹാജരായ ഭൂരിപക്ഷം പേരും ജി സുധാകരനെതിരായാണ് നിലപാട് സ്വീകരിച്ചത്.

Advertising
Advertising

മന്ത്രി സജി ചെറിയാൻ, എ എം ആരിഫ് എം പി എന്നിവർ എച്ച് സലാമിന്‍റെ പരാതിയെ പിന്തുണച്ച് സുധാകരനെതിരെ നിലപാടെടുത്തു. കമ്മീഷന് മുന്നിൽ എച്ച് സലാം തെളിവുകളടക്കം ചൂണ്ടിക്കാട്ടിയെന്നാണ് വിവരം. അമ്പലപ്പുഴ ഏരിയകമ്മിറ്റിയിൽ നിന്ന് ഹാജരായവരിൽ സുധാകരനെ പിന്തുണച്ചവർ ചുരുക്കം. ജി സുധാകരൻ തന്നെയും കുടുംബത്തെയും ദ്രോഹിച്ചെന്ന് മുൻ പേഴ്സണൽ സ്റ്റാഫംഗം കമ്മീഷന് നൽകിയ എഴുതിത്തയ്യാറാക്കിയ പരാതിയിൽ വ്യക്തമാക്കി. ജാതീയ അധിക്ഷേപ ആരോപണവും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് സൂചന.

കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസും അടങ്ങുന്ന രണ്ടംഗ കമ്മീഷൻ ജില്ലയിലെ പ്രാഥമികഘട്ട തെളിവെടുപ്പ് പൂർത്തിയാക്കി. അടുത്തമാസം ഒരു തവണ കൂടി ജില്ലയിലെത്തിയ ശേഷമാകും കമ്മീഷൻ അന്തിമ റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് സമർപ്പിക്കുക.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News