സ്വർണക്കടത്ത് കേസ്; യുഡിഎഫ് നേതാക്കൾ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു: ഡിവൈഎഫ്ഐ

ഷാബിൻ യൂത്ത് ലീഗിന്റെ പ്രവർത്തകനാണെന്ന വസ്തുത മറച്ചുവച്ചാണ് യുഡിഎഫ് നേതാക്കൾ പച്ചക്കള്ളം പ്രചരിപ്പിക്കുന്നതെന്നും ഹൈബി ഈഡൻ എംപി പറഞ്ഞ നുണ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഏറ്റുപറയുകയാണെന്നും ഡിവൈഎഫ്ഐ

Update: 2022-04-29 14:30 GMT
Advertising

എറണാകുളം: ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ സ്വർണം കടത്തിയ കേസിൽ പ്രതിയായ തൃക്കാക്കരയിലെ ലീഗ് നേതാവിന്റെ മകൻ എ.ഇ ഷാബിൻ ഇബ്രാഹിം ഡിവൈഎഫ്ഐ പ്രവർത്തകനാണെന്ന വാദം പച്ചക്കള്ളമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മുസ്‌ലിംലീഗ് ജില്ലാ കൗൺസിൽ അംഗവും തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനുമായ എ.എ ഇബ്രാഹിം കുട്ടിയുടെ മകനെ ഡിവൈഎഫ്ഐ പ്രവർത്തകനാക്കാൻ യുഡിഎഫ് ശ്രമിക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി. ലീഗ് നേതാവ് എ.എ ഇബ്രാഹിം കുട്ടിയുടെ മകൻ എ.ഇ ഷാബിൻ ഇബ്രാഹിം ഡി.വൈ.എഫ്.ഐ പ്രവർത്തകനാണെന്നും സി.പി.എം ലോക്കൽ കമ്മിറ്റി നേതാക്കന്മാരുമായി ഒരുമിച്ച് ചേർന്ന് ബിസിനസ് ചെയ്യുന്ന ചെയ്യുന്ന ആളാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ പ്രതികരണം.

ഷാബിൻ യൂത്ത് ലീഗിന്റെ പ്രവർത്തകനാണെന്ന വസ്തുത മറച്ചുവച്ചാണ് യുഡിഎഫ് നേതാക്കൾ പച്ചക്കള്ളം പ്രചരിപ്പിക്കുന്നതെന്നും ഹൈബി ഈഡൻ എംപി പറഞ്ഞ നുണ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഏറ്റുപറയുകയാണെന്നും വാർത്താകുറിപ്പിൽ പറഞ്ഞു. 52 ലക്ഷത്തിലധികം അംഗങ്ങളുള്ള ഡിവൈഎഫ്യുടെ അംഗത്വത്തിൽ പോലുമില്ലാത്ത, നാളിതുവരെ ഒരു സമര പ്രക്ഷോഭ ക്യാമ്പയിനുകളിലും പങ്കെടുത്തിട്ടില്ലാത്തയാളാണ് ഷാബിനെന്നും ഡിവൈഎഫ്ഐക്കാരനാണെന്ന് പ്രചാരണം നടത്തുന്നത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ലീഗ് നേതാക്കന്മാർക്കും യുഡിഎഫ് നേതാക്കന്മാർക്കുമുള്ള ബന്ധം പുറത്തുവരാൻ പോകുന്നുവെന്നതിന്റെ വെമ്പൽ മാത്രമാണെന്നും പറഞ്ഞു.

കേസിൽ പ്രതികളായ ഷാബിനും സുഹൃത്ത് സിറാജുദ്ദീനും തൃക്കാക്കര നഗരസഭയിലെ പ്രധാന കരാർ ജോലികൾ ഏറ്റെടുത്ത് നടത്തുന്നവരാണ്. യുഡിഎഫ് നേതാക്കന്മാരുമായി അടുത്ത ഇടപാടുകളുള്ളവരാണ്. ഷാബിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽനിന്ന് ഇയാളുടെ ലീഗ് ബന്ധം വ്യക്തമാണ്. വസ്തുതകൾ ഇതായിരിക്കെ യുഡിഎഫ് അകപ്പെട്ട പ്രതിസന്ധിയിൽനിന്ന് രക്ഷപെടാനുള്ള വ്യഗ്രതയുടെ ഭാഗമാണ് ഈ കള്ള ആരോപണമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.

Gold smuggling case; UDF leaders spread lies: DYFI

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News