ഒളിവിൽ പോയിട്ടില്ലെന്ന് ഹരിദാസൻ; നിയമനക്കോഴക്കേസിൽ തിങ്കളാഴ്ച ഹാജരായേക്കും

സെക്രട്ടറിയേറ്റ് പരിസരത്ത് വെച്ച് അഖിൽ സജീവിന് പണം നൽകിയെന്ന വാദം പൊളിഞ്ഞതോടെയാണ് ഹരിദാസനെചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്

Update: 2023-10-07 02:26 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: നിയമന കോഴക്കേസിൽ ഹരിദാസൻ തിങ്കളാഴ്ച പൊലീസിന് മുന്നിൽ ഹാജരായേക്കും. ആരോഗ്യപരമായ കാരണങ്ങളാലാണ് ഇതുവരെ ഹാജരാകാൻ കഴിയാതിരുന്നതെന്നും താൻ ഒളിവിൽ പോയിട്ടില്ലെന്നും ഹരിദാസൻ തിരുവനന്തപുരം കന്‍റോൺമെന്റ് പൊലീസിനെ അറിയിച്ചു. അതിനിടെ കേസിൽ അഖിൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളിലേക്കും പൊലീസ് കടക്കും.

സെക്രട്ടറിയേറ്റ് പരിസരത്ത് വെച്ച് അഖിൽ സജീവിന് താൻ പണം നൽകിയെന്ന ഹരിദാസന്റെ വാദം പൊളിഞ്ഞതോടെയാണ് ഹരിദാസനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ കന്റോൺമെന്റ് പൊലീസ് തീരുമാനിച്ചത്. എന്നാൽ ഹാജരാകണം എന്ന് പൊലീസ് ആവശ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം മുതൽ ഹരിദാസനെ ഫോണിൽ ലഭിക്കാതായി. അന്വേഷണ സംഘത്തിൽപ്പെട്ടവർ വീട്ടിൽ ചെന്നിട്ടും ഹരിദാസനെ കാണാനായില്ല. ഇതോടെ അറസ്റ്റ് ഭയന്ന് ഹരിദാസൻ ഒളിവിൽപ്പോയെന്ന നിഗമനത്തിലായി പൊലീസ്.

Advertising
Advertising

എന്നാൽ ഇന്നലെ അഖിൽ സജീവിനെ അറസ്റ്റ് ചെയ്തതോടെ ഹരിദാസൻ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. തിങ്കളാഴ്ച കന്‍റോൺമെന്റ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാമെന്നാണ് ഹരിദാസൻ അറിയിച്ചിരിക്കുന്നത്. ഇതോടെ അഖിൽ സജീവിനെയും ഹരിദാസനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള സാധ്യത കൂടി തെളിയുന്നു. വരും മണിക്കൂറുകളിൽ അഖിൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ കന്റോൺമെന്റ് പൊലീസ് പൂർത്തീകരിക്കും. ശേഷം നിയമന കോഴക്കേസിൽ അറസ്റ്റ് രേഖപ്പെടുത്തും. അതിന് ശേഷം വിശദമായി വീണ്ടും ചോദ്യം ചെയ്യും. ഇതിനിടെ ഹരിദാസന്റെ സുഹൃത്തായ ബാസിതിനെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഹരിദാസന്റെ മകന്റെ ഭാര്യക്ക് ജോലി ആവശ്യമുണ്ടെന്ന കാര്യം പ്രതികളിൽ ഒരാളായ ലെനിൻ രാജിനെ അറിയിച്ചത് ബാസിതാണ്. ബാസിതിനും കേസിൽ പങ്കുണ്ടെന്ന മൊഴിയാണ് അഖിൽ സജീവ് നൽകിയത്. ഇതിൽ വിശദമായ ചോദ്യം ചെയ്യൽ നടക്കും. ബാസിതിന്റെ പങ്ക് തെളിഞ്ഞാൽ അറസ്റ്റിലേക്ക് വരെ പോകാനുള്ള സാധ്യതയുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News