കൊലക്കേസ് പ്രതിക്ക് വിവാഹത്തിന് പരോൾ അനുവദിച്ച് ഹൈക്കോടതി
അമേരിക്കൻ കവയിത്രി മായ ആഞ്ചലോയുടെ പ്രണയ കവിത ഉദ്ധരിച്ചാണ് സിംഗിൾ ബെഞ്ചിന്റെ പരോൾ അനുമതി ഉത്തരവ്.
കൊച്ചി: കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് വിവാഹത്തിനായി പരോൾ അനുവദിച്ച് ഹൈക്കോടതി. തൃശൂർ സ്വദേശി പ്രശാന്തിനാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പരോൾ അനുവദിച്ചത്. പ്രശാന്തിന്റെ അമ്മ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.
വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് പ്രശാന്ത്. കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടയാളെ വിവാഹം കഴിക്കാൻ പോകുന്ന യുവതിക്ക് വേണ്ടിയാണ് പരോൾ എന്ന് കോടതി പറഞ്ഞു. ശിക്ഷിക്കപ്പെട്ടിട്ടും യുവാവിനോടുള്ള സ്നേഹം യുവതി തുടരുന്നു. വധുവിന്റെ ഈ ധീരമായ നിലപാട് കോടതിക്ക് അവഗണിക്കാനാവില്ലെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
അമേരിക്കൻ കവയിത്രി മായ ആഞ്ചലോയുടെ പ്രണയ കവിത ഉദ്ധരിച്ചാണ് സിംഗിൾ ബെഞ്ചിന്റെ പരോൾ അനുമതി ഉത്തരവ്. 'പ്രണയത്തിന് മുന്നിൽ പ്രതിബന്ധങ്ങളില്ല. അതിരുകളും ചുവരുകളും ഭേദിച്ച് അതിന്റെ പ്രതീക്ഷാനിർഭരമായ ലക്ഷ്യത്തിലെത്തും' എന്നാണ് മായ ആഞ്ചലോയുടെ വരികൾ.