Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷനും, വിസിയുടെ നടപടികളും ചോദ്യംചെയ്തുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രജിസ്ട്രാർ ഡോക്ടർ കെ .എസ് അനിൽകുമാർ നൽകിയ ഹരജിയിലാണ്, ജസ്റ്റിസ് ടി.ആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചിൽ വാദം തുടരുക.
എന്ത് അധികാരം ഉപയോഗിച്ചാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത് എന്ന് വിസിയോട് കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ വിസി ഇന്ന് കോടതിയിൽ വിശദീകരണം നൽകും. സിൻഡിക്കേറ്റിന് മുകളിലാണ് വിസിയുടെ അധികാരം എന്നാണോ കരുതുന്നത് എന്നും, കോടതി ചോദിച്ചിരുന്നു.
സസ്പെൻഡ് ചെയ്യാനും, നടപടി എടുക്കാനും സിൻഡിക്കേറ്റിനാണ് അധികാരമെന്നാണ് രജിസ്ട്രാറുടെ വാദം. തന്റെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദ് ചെയ്തു എന്നും, എന്നാൽ ചുമതല നിർവഹിക്കാൻ വിസി സമ്മതിക്കുന്നില്ല എന്നും രജിസ്ട്രാർ കോടതിയെ അറിയിച്ചിരുന്നു. രജിസ്ട്രാറുടെ നടപടികളെ സർവകലാശാല അഭിഭാഷകനും കോടതിയിൽ പിന്തുണച്ചിരുന്നു.